കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് തലയിൽ വെട്ടേറ്റു. ഡോ.വിപിനാണ് വെട്ടേറ്റത്.
ബാധിച്ചു മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ അച്ഛൻ കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപ് എന്നയാളാണ് വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമിച്ചതെന്നാണ് വിവരം.
സനൂപിനെ താമരശ്ശേരി കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കൊടുവാളും കണ്ടെടുത്തിട്ടുണ്ട്.
പരുക്കേറ്റ ഡോ.വിപിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
‘‘എന്റെ മകളെ കൊന്നവനല്ലേടാ…’’ എന്ന് വിളിച്ചുപറഞ്ഞാണ് സനൂപ്, ഒരു രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയിൽ വച്ച് സംസാരിക്കുകയായിരുന്ന ഡോക്ടറുടെ അടുത്തെത്തി കൊടുവാൾ കൊണ്ടു വെട്ടിയതെന്നാണ് ദൃക്സാക്ഷിയായ ആശുപത്രിയിലെ ലാബ് ജീവനക്കാരൻ പറയുന്നത്. സൂപ്രണ്ട് ഒരു യോഗത്തിനു പോയിരുന്നതിനാൽ ഡോക്ടറെ ആളുമാറി വെട്ടുകയായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
കൊടുവാളുമായി ആശുപത്രിയിലെ സൂപ്രണ്ടിന്റെ മുറിയിലെത്തി ഡോക്ടറെ വെട്ടിയ സംഭവം ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിലെ പിഴവും വ്യക്തമാക്കുന്നുണ്ട്.
ഓഗസ്റ്റിൽ പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയുടെ നില ഗുരുതരമാണെന്നു കണ്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 14 നാണ് കുട്ടി മരിച്ചത്.
തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ്
അമീബിക് മസ്തിഷ്കജ്വരമാണെന്നു സ്ഥിരീകരിച്ചത്.
താലൂക്ക് ആശുപത്രിയിൽ ചികിത്സ വൈകിയതാണ് മരണത്തിനു കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ അന്നുതന്നെ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിക്ക് ഛർദ്ദിയും പനിയും മറ്റും ഉണ്ടായെങ്കിലും, രോഗം സ്ഥിരീകരിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നായിരുന്നു പരാതി.
താലൂക്ക് ആശുപത്രിയിൽ പനി മൂർച്ഛിച്ച് അപസ്മാരമുണ്ടായ ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനമുണ്ടായതെന്നായിരുന്നു പരാതി.
പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയെന്നാണ് അന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.
അനയയുടെ രണ്ട് ഇളയ സഹോദരന്മാർക്കും പിന്നീട് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
ഈ കുട്ടികളെ ആഴ്ചകൾ നീണ്ട ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇത് സൂചിപ്പിക്കുന്ന മരണ സർട്ടിഫിക്കറ്റ് കുടുംബത്തിന് നൽകിയില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് താമരശ്ശേരി ആശുപത്രിയിലേക്ക് കോൺഗ്രസ് നേരത്തേ പ്രതിഷേധപ്രകടനം നടത്തുകയും വാഴനട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
മൂന്നു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെങ്കിലും രോഗബാധ ഉറവിടം സ്ഥിരീകരിക്കാൻ വീടിനടുത്തുനിന്ന് എടുത്ത സാംപിളുകളുടെ ആദ്യഘട്ട
പരിശോധനയിൽ കഴിഞ്ഞിരുന്നില്ല. പിന്നീട് ആരോഗ്യവകുപ്പിന്റെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ സാംപിൾ പരിശോധനയിലാണ് അമീബിക് രോഗബാധയ്ക്കിടയാക്കിയ അണുസാന്നിധ്യം കണ്ടെത്തിയത്.
കുട്ടികളിൽ ഏഴുവയസ്സുകാരന്റെ നട്ടെല്ലിൽനിന്ന് സ്രവം കുത്തിയെടുത്തു പരിശോധിച്ചതുമായി ബന്ധപ്പെട്ട്, കുട്ടിക്ക് ഭാവിയിൽ നട്ടെല്ലിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്ക സനൂപ് നേരത്തേ ഉയർത്തിയിരുന്നതായും പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]