പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഊർജ വിപണിയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ഇന്ധന ലഭ്യതയും ഊർജ സുരക്ഷയും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഉപഭോക്താക്കൾ ഇന്ധനക്ഷാമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 41 രാജ്യങ്ങളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ വലിയ വിലക്കയറ്റം ഉണ്ടായ ഘട്ടത്തിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്താണ് ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇന്ധനം ലഭ്യമാക്കിയത്.
2022 ഫെബ്രുവരി മുതൽ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എൽപിജിയുടെ 60 ശതമാനവും ക്രൂഡ് ഓയിലിന്റെ 90 ശതമാനവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
എങ്കിലും, ഏത് തരത്തിലുള്ള ബാഹ്യ പ്രതിസന്ധികളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഹർദീപ് സിങ് പുരി ആവർത്തിച്ചു. രാജ്യത്തെ 33 കോടിയോളം വരുന്ന കുടുംബങ്ങൾക്കും ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇതോടൊപ്പം, ഇന്ധനവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശങ്ങൾ പൂർണമായി പാലിക്കാത്ത പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ നിലപാടിനെയും മന്ത്രി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

