
കോൺഗ്രസിൽ ഇനി ‘സണ്ണി ഡേയ്സ്’; പോർമുഖം തീർക്കാൻ യുവനിര; തർക്കം തീർക്കാൻ ഹൈക്കമാൻഡിന്റെ ‘പ്രിസിഷൻ നീക്കം ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് സംസ്ഥാനത്ത് പാര്‍ട്ടി തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുന്നത്. പകരം പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം കണ്ണൂരില്‍നിന്നു തന്നെയുള്ള നേതാവിനെയാണ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചിരിക്കുന്നത്. പേരാവൂരില്‍നിന്നു മൂന്നു തവണയായി നിയമസഭയിലേക്കു ജയിച്ചു കയറുന്ന സണ്ണി ജോസഫ് എംഎല്‍എ ഇനി കേരളത്തില്‍ പാര്‍ട്ടിയെ നയിക്കും. ആന്റോ ആന്റണിയെയും സണ്ണി ജോസഫിനെയും ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ചര്‍ച്ച പുരോഗമിച്ചിരുന്നത്.
നിലവിലെ കെപിസിസി അധ്യക്ഷനായ കെ. സുധാകരനെ മാത്രമായി മാറ്റിയെന്ന ആക്ഷേപം ഉയരാത്ത തരത്തില്‍ നേതൃതലത്തില്‍ സമൂലമാറ്റവുമായി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് പാര്‍ട്ടി ദേശീയനേതൃത്വം തീരുമാനിച്ചത്. കെ.സുധാകരനുമായി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയോഗിച്ചതും യുവനിരയെ വിശ്വാസത്തിലെടുത്തുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം തന്നെ അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറായി വരുന്നതും പരാതികളും വിവാദങ്ങളും പരമാവധി ഒഴിവാക്കുക എന്ന നിലപാടാണ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് അനായാസമായി നേതൃമാറ്റം ഉണ്ടാകുമെന്നായിരുന്നു ആദ്യഘട്ടത്തിലെ സൂചനയെങ്കില്‍ ദിവസങ്ങള്‍ പിന്നിടുന്തോറും ഹൈക്കമാന്‍ഡിന് തന്നെ തലവേദനയായി മാറിയിരുന്നു കേരളത്തിലെ നേതൃമാറ്റവിഷയം. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായെന്നും അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കാര്യങ്ങള്‍ മാറിമറിയുന്ന സ്ഥിതി ഉണ്ടായി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടപെടലുകള്‍ ഉണ്ടായെന്ന തരത്തില്‍ ഇടതുകേന്ദ്രങ്ങള്‍ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ഏതാണ്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തോട് അടുത്ത് തന്നെ നേതൃമാറ്റം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി സംസ്ഥാനത്ത് എത്തി പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ നേതൃമാറ്റം വേണമെന്ന തരത്തിലാണ് ദീപാ ദാസ് മുന്‍ഷി എഐസിസിക്കു റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്ത് സര്‍വേയ്ക്കായി ഹൈക്കമാന്‍ഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും സമാനമായ റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. തലപ്പത്തു നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ ദോഷം ചെയ്യുമെന്നു, റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. കെ.സുധാകരനെ പിണക്കാതെ വിശ്വാസത്തിലെടുത്ത് നേതൃമാറ്റം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുപോയത്. ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ സുധാകരനുമായി കൂടിക്കാഴ്ച നടത്തി നേതൃമാറ്റം സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും സുധാകരനുമായി ആശയവിനിമയം നടത്തി. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിച്ച് കേരളത്തില്‍ മടങ്ങിയെത്തിയ സുധാകരന് രണ്ടാം ദിവസം പക്ഷെ മാധ്യമങ്ങള്‍ക്കു മുന്നില്‍, തനിക്കെതിരായ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നുവെന്ന തുറന്നടിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അനാരോഗ്യത്തിന്റെ പേരു പറഞ്ഞ് തന്നെ ഒതുക്കി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണമാണ് സുധാകരന് ഉന്നയിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെയും വി.എം.സുധീരനെയും ഉള്‍പ്പെടെ കണ്ട് സുധാകരന് പരാതി പറഞ്ഞു. ഇതോടെ തീരുമാനം വീണ്ടും വൈകുന്ന സ്ഥിതിയായി. വിഷയം വഷളായതില്‍ അതൃപ്തി രേഖപ്പെടുത്തി ലീഗും ആര്‍എസ്പിയും ഉള്‍പ്പെടെ ഘടകകക്ഷികളും രംഗത്തെത്തി.തുടര്‍ന്ന് തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ച്, കേരളത്തിലെ ഉന്നതനേതാക്കളുടെ മനസ്സറിയാന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു. മുന്‍ കെപിസിസി പ്രസിഡന്റുമാരോടും പ്രവര്‍ത്തകസമിതി അംഗങ്ങളോടും ചില മുതിര്‍ന്ന നേതാക്കളോടുമാണു രാഹുല്‍ സംസാരിച്ചത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ തീരുമാനം വൈകിക്കുന്നതു ശരിയല്ലെന്ന വികാരം മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചു. നേതൃമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് തിരഞ്ഞെടുപ്പ് കാലത്തേക്കു കൈകോര്‍ത്തു മുന്നേറണമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്.