
ബംഗളുരു: ഒപ്പം ജോലി ചെയ്തിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ ലാപ്ടോപ്പ് തിരികെ കിട്ടിയപ്പോൾ അതിൽ തന്റെയും മറ്റ് ചിലരുടെയും നഗ്ന ചിത്രങ്ങൾ കണ്ട ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതികളിലൊരാൾ പ്രതി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ബംഗളുരുവിൽ താമസിക്കുന്ന ആഷിഷ് മൊന്നപ്പ (30) ആണ് പിടിയിലായത്. മടിക്കേരി സ്വദേശിയായ ഇയാളുടെ കുടുംബം ഹൊസൂരിലാണ് ഏറെ നാളായി താമസിച്ചിരുന്നത്. നേരത്തെ ഒരു ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് അതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരുമായി ഇയാൾ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തുണ്ടാക്കിയത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ആശിഷ് ഒരു യുവതിയെ സമീപിച്ച് ലാപ്ടോപ്പ് കടം ചോദിച്ചു. തനിക്ക് ചില ജോലികൾക്ക് അപേക്ഷിക്കാൻ റെസ്യൂമെ തയ്യാറാക്കണമെന്നും അതിനായി കുറച്ച് ദിവസത്തേക്ക് ലാപ്ടോപ് തരുമോ എന്നുമാണ് ചോദിച്ചത്. യുവതി ജനുവരി 14ന് ലാപ്ടോപ് കൊടുത്തു. പിന്നീട് ഏപ്രിൽ മാസത്തിലാണ് ഇത് തിരിച്ച് ചോദിച്ചത്. ദിവസങ്ങൾക്കകം ഇയാൾ ലാപ്ടോപ്പ് കൊണ്ട് കൊടുക്കുകയും ചെയ്തു.
എന്നാൽ പിന്നീട് യുവതി ലാപ്ടോപ്പിലെ ഫോൾഡറുകൾ പരിശോധിച്ചപ്പോഴാണ് തന്റെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ നൂറുകണക്കിന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടത്. ഇന്റർനെറ്റിൽ നിന്ന് അശ്ലീച ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. യുവതി ഇത് മറ്റ് സുഹൃത്തുക്കളെ അറിയിച്ചു. ഫോട്ടോകൾ ഇയാൾ ടെലഗ്രാമിൽ അപ്ലോഡ് ചെയ്തതായും ഇവർ കണ്ടെത്തി.
യുവതികളെല്ലാം ചേർന്ന് ആശിഷിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കാര്യം പറയാതെ കഴിഞ്ഞയാഴ്ച ഒരു ദിവസം രാത്രി 9.30ഓടെ യുവതി ഇയാളെ വിളിച്ചുവരുത്തി. തുടർന്ന് ഫോട്ടോകളെക്കുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് തന്റെ ഫോൺ പോലും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. താനും സുഹൃത്തുക്കളും ഏറെ മാനസിക സമ്മർദം അനുഭവിച്ചതായി യുവതിയുടെ പരാതിയിൽ പറഞ്ഞു.
പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. ഫോട്ടോകൾ എവിടെയും അപ്ലോഡ് ചെയ്തിട്ടില്ലെന്ന് ഇയാൾ പറഞ്ഞു. ലാപ്ടോപ്പ് തിരിച്ച് കൊടുത്തപ്പോൾ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നായിരുന്നു വാദം. ഇയാൾ ചിത്രങ്ങൾ എവിടെയെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]