
ഇഷ്ക് എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ട സംവിധായകനാണ് അനുരാജ് മനോഹർ. അദ്ദേഹത്തിന്റെ രണ്ടാം ചിത്രം ‘നരിവേട്ട’ മയ് 16ന് തിയേറ്ററുകളിൽ എത്തുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ അബിൻ ജോസഫാണ് നരിവേട്ടയ്ക്ക് തിരക്കഥ ഒരുക്കിയത്. നരിവേട്ടയുടെ രാഷ്ട്രീയവും നിവിൻ പോളി ചിത്രം ശേഖര വർമ്മ രാജാവിന്റെ വിശേഷങ്ങളും അനുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പങ്കുവച്ചു.
ഭൂസമരങ്ങളെ അനുസ്മരിപ്പിച്ചേക്കാം
ടൊവിനോ അവതരിപ്പിക്കുന്ന കുട്ടനാട്ടുകാരനായ വർഗീസിന്റെ യാത്രയ്ക്കൊപ്പം പോകുന്ന സിനിമയാണ് നരിവേട്ട. പൊലീസ് ജോലി ലഭിക്കുന്നതോടെ അയാൾക്ക് അധികാരം കൈവരുന്നു. അധികാരം കൈയ്യിൽ വരുന്നതിന് പിന്നാലെ അയാളിലുണ്ടാകുന്ന മാറ്റങ്ങൾ ഒക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. മുത്തങ്ങ പോലെ ഒരു ഭൂസമരത്തെ അടയാളപ്പെടുത്തി പോകുന്ന സിനിമയല്ല. ഫിക്ഷണൽ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ചില കണ്ടെത്തലുകളോ മുൻ ധാരണകളോ ഒക്കെ ഇതിൽ ഉപയോഗിച്ചിട്ടുണ്ടാകാം.
സി കെ ജാനുവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം
സിനിമ ഒരു വ്യവസായം എന്ന നിലയിൽ കൂടി മുന്നോട്ടുപോകുന്നതാണല്ലോ. ആര്യ സലിമിന്റെ കഥാപാത്രം പോലുള്ള സൂചനകൾ സിനിമയിൽ നൽകുന്നത് ഇത്തരം റീഡിങ്ങുകൾ വഴി ആളുകളെ കഥയിലേയ്ക്ക് അടുപ്പിക്കാനാണ്. പ്രേക്ഷകരിലേയ്ക്ക് സിനിമ എത്തിയാൽ മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചത് ശരിയാണോ എന്ന് തീരുമാനിക്കാനാകൂ.
അബിൻ ജോസഫിന്റെ തിരക്കഥ
ഞാനും അബിനും ഒരേനാട്ടുകാരാണെങ്കിലും എറണാകുളത്തുനിന്നാണ് കാണുന്നതും പരിചയപ്പെടുന്നതും. ഇഷ്കിന് മുൻപേ അദ്ദേഹത്തിന്റെ കഥകൾ വായിച്ച് ഇഷ്ടപ്പെട്ടിട്ട് തിരക്കഥകൾ ഏതെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു. പക്ഷേ 2021ലാണ് മറ്റൊരു കഥയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് നരിവേട്ടയുടെ കഥ ചർച്ചയിൽ വരുന്നത്. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഈ തിരക്കഥയാകുന്നതിനു ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.
വർഗീസ് പീറ്ററിന്റെ യാത്ര, അയാൾ പോകുന്ന വഴികൾ, ആയാൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, അയാളുടെ കഥയിലെ മറ്റാളുകൾ അങ്ങനെയാണ് ചർച്ചകൾ തുടങ്ങുന്നത്. അയാളുടെ കഥ ഏത് ഭൂമികയിൽ നിന്ന് പറയണമെന്ന ഡിസ്കഷനാണ് ഇങ്ങനെയൊരു ഇവന്റിലേയ്ക്ക് കഥയെ എത്തിച്ചത്. മുത്തങ്ങയാണോ അല്ലയോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ദൈനംദിന സാമൂഹിക അന്തരീക്ഷത്തിൽ ഇടപെടുന്ന, രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യുന്നവർക്ക് പല സൂചനകളും സിനിമ ഇട്ടിട്ടു പോകുന്നുണ്ട്. നമ്മൾ കണ്ടതോ മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്നതുമായ വിഷയങ്ങളെ ബോധപൂർവ്വം തന്നെ സിനിമയിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
ടൊവിനോ അടുത്ത സുഹൃത്ത്
ടൊവി എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. 2014 മുതൽ ഒരുമിച്ച് സിനിമയിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങൾ. ദിവസവുമെന്നോണം വിളിച്ച് സിനിമ, രാഷ്ട്രീയം, പർദൂഷണം അങ്ങനെ ദീർഘമായി സംസാരിക്കുന്നവർ. ടൊവിനോയിലെ അഭിനേതാവ് പെർഫോം ചെയ്യുന്ന ഒരു നല്ല സിനിമയെക്കുറിച്ച് കണ്ടയുടൻ വിളിച്ച് പറയുന്ന തരം സ്നേഹമാണ് ഞങ്ങൾ തമ്മിൽ. ഒരു ക്രാഫ്റ്റ്സ്മാൻ എന്ന നിലയിൽ ഞാൻ മനസിലാക്കിയെടുത്ത കഥാപാത്രത്തിനെ ഏറ്റവും നീതി പൂർവ്വമായി ടൊവിനോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ചേരൻ ആദ്യമായി മലയാളത്തിൽ
ടൊവിനോയുടേത് പോലെ തന്നെ കോംപ്ലക്സിറ്റികളുള്ളതാണ് ചേരന്റെ കഥാപാത്രവും. ഒരുപാട് അപ്പ് ആൻഡ് ഡൗൺസ് ഉണ്ട് അയാൾക്ക്. മുൻധാരണയോടെ പ്രേക്ഷകർക്ക് സമീപിക്കാനാകാത്ത ആളാകണം അതു ചെയ്യേണ്ടതെന്ന് ഞാനും അബിനും നേരത്തെ നിശ്ചയിച്ചിരുന്നു. പഴയ സിനിമകൾ റിവിസിറ്റ് ചെയ്യുമ്പോഴാണ് ‘പൊക്കിഷം’ കാണുന്നതും ചേരൻ സാറിനെക്കുറിച്ച് ഓർക്കുന്നതും. ചേരൻ ആദ്യമായി ചെയ്യുന്ന പൊലീസ് കഥാപാത്രമാകും നരിവേട്ടയിലേത്.
2019ൽ ഇഷ്ക്, 2025ൽ നരിവേട്ട
ഇഷ്ക് കഴിഞ്ഞ് കൊവിഡ് രണ്ടുവർഷം കൊണ്ടുപോയി. 2021ൽ നിവിൻ പോളിക്കൊപ്പം ശേഖരവർമ്മ രാജാവ് ചെയ്യേണ്ടതായിരുന്നു. മറ്റുപല കാരണങ്ങളായി അത് നീണ്ടുപോവുകയാണ്. അതിനിടയ്ക്ക് രാജ് ബി ഷെട്ടിയുടെ ആദ്യ മലയാള സിനിമയാകേണ്ടുന്ന തരത്തിൽ ടൊവിനോയുടെ നിർമ്മാണത്തിൽ ഒരു സിനിമ ആലോചിച്ചിരുന്നു. അതും ചില കാരണങ്ങളാൽ നടന്നില്ല. അബിന്റ ഒരു സ്ക്രിപ്റ്റും ഒരു ലീഡിങ് ആക്റ്ററിനോട് കഥപറഞ്ഞ് അദ്ദേഹമത് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ആ പടം നരിവേട്ടയ്ക്ക് പിന്നാലെ നടക്കുമെന്ന് തോന്നുന്നു. ശ്രമങ്ങൾ നടക്കായ്കയല്ല, സിനിമ അങ്ങനെയാണല്ലോ. പല കഥകളും തിരക്കഥകളും സഞ്ചിയിൽ സൂക്ഷിച്ചിട്ടുണ്ട്…
നിവിൻ പോളിയുടെ തിരിച്ചുവരവ്
നിവിൻ പോളിയുടെ തിരിച്ചുവരവ് അദ്ദേഹം ആഗ്രഹിക്കുകയും പ്ലാൻ ചെയ്യുകയും ചെയ്യേണ്ടതാണ്. ശേഖര വർമ്മ രാജാവ് അന്നേ നിവിന്റെ ഒരു പ്രോഗ്രാം ആയി തന്നെയാണ് പ്ലാൻ ചെയ്തത്. നിവിൻ്റെ ഫ്ലെക്സിബിളിറ്റിയും കഥാപാത്രങ്ങൾക്കുണ്ടാകുന്ന ചടുലതയും നിവിൻ ഒരു സാധാരണക്കാരനായി എത്തുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്ന വാത്സല്യവും ഉപയോഗിച്ച് വരവേല്പും വെള്ളാനകളുടെ നാടും പോലെ വളരെ റൂട്ടഡ് ആയ സിനിമയായാണ് രാജാവിനെ കൺസീവ് ചെയ്തത്.
ഇഷ്കിൽ നിന്ന് നരിവേട്ടയിലെത്തുമ്പോൾ
ഇഷ്ക് ആർട്ടിസ്റ്റുകളെക്കൊണ്ടും കഥാപരിസരം കൊണ്ടും പരിമിതമായ സിനിമയായിരുന്നു. അതിൽ നിന്നുകൊണ്ട് സിനിമയുടെ ഇമോഷൻ പറഞ്ഞു ഫലിപ്പിക്കുക എന്ന ചലഞ്ച് ആണ് അന്ന് ഞാനെടുത്തത്. എന്റെ ഉള്ളിലെ സംവിധായകനെ അഡ്രസ് ചെയ്യുന്നതിൽ ഇഷ്കിന് വലിയ പങ്കുണ്ടെന്നാണ് കരുതുന്നത്. ആ ചോയ്സ് ആ കാലത്തെടുത്തത് ഈ ത്രിൽ കൊണ്ട് തന്നെയാണ്.
നരിവേട്ട ഒരു വലിയ സിനിമ ചെയ്യാം എന്ന ധാരണയിൽ ചെയ്യുന്നതല്ല. ആ കഥ കേൾക്കുമ്പോൾ ഉള്ള ഫയർ നമ്മിലേയ്ക്ക് വരികയും സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ കണക്കുകൂട്ടിയിരുന്നു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന്. എന്നാൽ ഞങ്ങൾ വിചാരിച്ചിരുന്നതിനേക്കാൾ വലിയ പ്രതിസന്ധികളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. സിനിമ നന്നാക്കുന്നതിൻ്റെ ഭാഗമായുള്ള പ്രതിസന്ധികളാണത്. നരിവേട്ടയും ഇഷ്കും വ്യത്യസ്തമാണ്. എന്നിലെ സംവിധായകനെ ചലഞ്ച് ചെയ്യുകയായിരുന്നു ഇരു ചിത്രങ്ങളും.