
ആയിരത്തിയൊന്ന് നുണകൾക്ക് ശേഷം താമർ സംവിധാനം ചെയ്ത സർക്കീട്ട് ഇന്ന് തിയേറ്ററുകളിലെത്തി. കിഷ്കിന്ധാകാണ്ഡത്തിനും രേഖാചിത്രത്തിനും ശേഷം എത്തുന്ന ചിത്രമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സർക്കീട്ടിനായി കാത്തിരുന്നത്.
എല്ലാ പ്രതീക്ഷകളോടും നീതി പുലർത്തുന്ന ചെറിയ നന്മയുള്ള ഒരു ചിത്രമാണ് ‘സർക്കീട്ട്’. നമ്മുക്കിടയിൽ നടക്കുന്ന എന്നാൽ, ഇതുവരെ ആരും പറയാത്ത ഒരു വിഷയമാണ് ‘സർക്കീട്ട്’ സംസാരിക്കുന്നത്.
വളരെ മിതപ്പെടുത്തിക്കൊണ്ട് അത്രയും ഗൗരവമുള്ള വിഷയത്തെ സിംപിളായി അവതരിപ്പിക്കുന്നതിൽ ‘സർക്കീട്ട്’ ടീം വിജയിച്ചു. പ്രണയിച്ചു വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ രാസ അൽ ഖൈമയിൽ ഏഴുവയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളാണ് ബാലുവും സ്റ്റെഫിയും. ചെറിയ പ്രായം മുതൽ ഹൈപ്പർ ആക്ടിവായ മകൻ ജപ്പു ജഫ്രിനെ എങ്ങനെ മാനേജ് ചെയ്യണമെന്ന് അറിയാതെ, വലയുന്ന മാതാപിതാക്കൾ.
ജപ്പുവിന്റെ ഹൈപ്പർ ആക്ടിവിറ്റികൾ ബാലുവിന്റെയും സ്റ്റെഫിയുടെയും ദാമ്പത്യത്തെ പോലും ബാധിക്കുന്നു. സ്റ്റെഫി പ്രൈവറ്റ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. പ്രൈവറ്റ് ബാങ്കിലെ ലോൺ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ബാലു.
ഇതേ സമയം, ഉമ്മ വളർത്തിയ മകൻ തന്റെ ഇരുപത്തിയേഴാം വയസിലും ജീവിതം കെട്ടിപ്പടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി, ഗൾഫിലേക്ക് ചേക്കേറി വിസിറ്റിങ് വിസ തീരാറാവുമ്പോഴും ജോലി കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന എടപ്പാളുക്കാരനായ അമീർ. ജോലിയില്ലാതെയായി ബുദ്ധിമുട്ടുന്ന അമീറിനെ ചൂഷണം ചെയ്യുന്നവരും ഒപ്പം അമീറിനെ ചേർത്ത് പിടിക്കുന്ന കരങ്ങളും സിനിമയിൽ വന്നു പോകുന്നുണ്ട്. വളരെ യാദൃശ്ചികമായ കഥാഗതിയിൽ അമീറും ജപ്പും കണ്ടുമുട്ടുന്നു .
പിന്നീട് ഇവരൊന്നിച്ചുള്ള യാത്രയാണ്. നന്മയുള്ള,സ്നേഹം തോന്നുന്ന ഒരു പ്രത്യേകതരം ബോണ്ട് അവരിൽ സ്വാഭാവികമായി ഉണ്ടാവുമ്പോൾ, പ്രേക്ഷകനും അവരുടെ ലോകത്തേക്ക് എത്തുന്നുണ്ട്. സ്റ്റെഫിയായി ദിവ്യ പ്രഭ, നിസ്സഹയായ സ്റ്റെഫിയെ മനോഹരമാക്കി.
ദീപക്ക് പറമ്പോൽ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ആർക്ക് മനോഹരമായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ എല്ലാ ഷെയ്ഡും ആ കഥാപാത്രത്തിൽ കൃത്യമായി കാണിച്ചിട്ടുണ്ട്.
ദീപക് ബാലുവിനെ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. ആസിഫ് അലി അവതരിപ്പിച്ച അമീറിനൊപ്പം മത്സരിച്ച് അഭിനയിച്ച ഒർഹാൻ ഹൈദർ തന്നെയാണ് സർക്കീട്ടിലെ താരം.
വെറും സാധാരണമല്ലാത്ത ഒരു കഥാപാത്രത്തെ പാളി പോകാതെ കൈയടക്കത്തോടെ മനോഹരമാക്കിയിട്ടുണ്ട് ഒർഹാൻ.സ്റ്റെഫിയുടെ സഹപ്രവത്തക വേഷം രമ്യ സുരേഷിലും ബാലുവിന്റെ സുഹൃത്ത് വേഷം അലക്സണ്ടാർ പ്രശാന്തിലും സുരക്ഷിതമായിരുന്നു. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ഗോവിന്ദ് വസന്തയുടെ സംഗീതം സർക്കീട്ടിന്റെ മുഴുനീളം നിറഞ്ഞുനിന്നു. മലയാളികളുടെ സ്വന്തം അമൽ ഡേവിസ് കേരള സംസഥാന ചലച്ചിത്ര പുരസ്കാരത്തിന് ശേഷം എഡിറ്റ് ചെയ്ത സിനിമയാണ് സർക്കീട്ട്.
കേരളത്തിലെ ഒറ്റ സീനുകളും പോലുമില്ലാതെ പൂർണമായി ഗൾഫ് രാജ്യത്ത് ചിത്രീകരിച്ച ചിത്രത്തിൽ നമ്മൾ സാധാരണ കാണുന്ന ആഡംബര കാഴ്ചകൾ ഒന്നുമില്ലാതെ, മധ്യവർഗ പ്രവാസ ജീവിതങ്ങൾ അയേസിന്റെ കാമറ കണ്ണുകളിൽ മനോഹരമായി പകർത്തിയിട്ടുണ്ട്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്തും ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ ഫ്ളോറിന് ഡൊമിനിക്കുമാണ് സര്‍ക്കീട്ട് നിര്‍മിച്ചത്.റാസല്‍ ഖൈമയ്ക്ക് പുറമേ യു എ ഇയിലെ ഫുജൈറ, ഷാര്‍ജ എന്നീ എമിറേറ്റുകളുടേയും മനോഹാരിത സര്‍ക്കീട്ടിലെ പ്രധാന പശ്ചാതലമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]