
ജയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു; മസൂദ് അസ്ഹറിന്റെ സഹോദരൻ, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ജയ്ഷെ മുഹമ്മദ് സ്ഥാപകനും ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപ്പട്ടികയിലുള്ളയാളുമായ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമാണ് അസ്ഹർ റൗഫ്.
പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ, മുരിഡ്കെ എന്നിവിടങ്ങളിലെ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അസ്ഹർ റൗഫ് കൊല്ലപ്പെട്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂരിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
1999 ഡിസംബർ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഐസി–814 വിമാനം ഹർക്കത്തുൽ മുജാഹിദ്ദീൻ ഭീകരർ റാഞ്ചിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ അസ്ഹർ റൗഫായിരുന്നു. അന്ന് ഇന്ത്യയുടെ തടവിലായിരുന്ന ഭീകരരായ മസൂദ് അസ്ഹർ, മുഷ്താഖ് സർഗർ, ഒമർ ഷെയ്ഖ് എന്നിവരെ വിട്ടുനൽകണമെന്നതായിരുന്നു ആവശ്യം. പാക്കിസ്ഥാനിൽ വിമാനമിറക്കാൻ അനുമതി ലഭിക്കാത്തതോടെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹറിലാണ് വിമാനമിറക്കിയത്. യാത്രക്കാരുടെ ജീവൻവച്ച് വിലപേശിയതോടെ ഭീകരരുടെ ആവശ്യത്തിനു മുന്നിൽ ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നു. മസൂദ് അസ്ഹറുൾപ്പെടെ മൂന്നു ഭീകരരെയും വിട്ടു നൽകി. മസൂദ് അസ്ഹറാണ് പിന്നീട് ജയ്ഷെ മുഹമ്മദെന്ന ഭീകര സംഘടന സ്ഥാപിക്കുന്നത്. 2001ലെയും 2016ലെയും പാർലമെന്റ് ആക്രമണങ്ങൾക്കു പിന്നിൽ ജയ്ഷെ മുഹമ്മദായിരുന്നു.
1999ൽ ഇന്ത്യയ്ക്ക് വിട്ടുനൽകേണ്ടി വന്ന അൽ ഖായിദ ഭീകരൻ ഒമർ സയീദ് ഷെയ്ഖാണ് പിന്നീട് യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകനായിരുന്ന ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയതും തലവെട്ടി കൊലപ്പെടുത്തിയതും. 2002ലെ ഈ സംഭവം രാജ്യാന്തര തലത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.