
ജോധ്പൂര്‍: പാകിസ്ഥാന് കനത്ത തിരിച്ചടി നല്കിയ ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ ജാഗ്രത വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ജോധ്പൂരിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും അംഗണവാടികളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജോധ്പൂരിന് പുറമെ ശ്രീഗംഗാനര്‍, ബിക്കാനര്‍, ജയ്സാല്‍മീര്‍, ബര്‍മെര്‍ ജില്ലകളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആദ്യഘട്ട മോക്ക് ഡ്രില്‍ നടന്നത്. ഇതിന് ശേഷം രാത്രി 8.30 മുതല്‍ 8.45 വരെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേചിച്ചു. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകള് ഓഫ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ 15 മിനിറ്റ് സമയം നിര്‍ത്തിവച്ച് മോക്ക് ഡ്രില്ലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് ജോധ്പൂരിലുള്ളത്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ജോധ്പൂര്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങള്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ജയ്ഷെ, ലഷ്കർ, ഹിസ്ബുള്‍ ഭീകര താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം. അബ്ബാസ് ഭീകര താവളത്തിന് (മർകസ് അബ്ബാസ്) പുറമെ മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്മൂന ജൂയ, മർകസ് അഹ്ലെ ഹദീസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഇന്നലെ പുലര്‍ച്ചെ തരിപ്പണമായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന് നഷ്ടമായിരുന്നു. അതിസുന്ദരമായ പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന് നഷ്ടമായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ പാക് ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ ശക്തമായ മറുപടി നല്കി. പാക് അതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി മാറി 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]