
‘നമ്മളെല്ലാം കൂടിയല്ലേ അദ്ദേഹത്തെ ജനറൽ സെക്രട്ടറി ആക്കിയത്’; ബേബി എകെജി സെന്ററിൽ എത്തിയപ്പോൾ ഗോവിന്ദൻ കല്ലണയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിയപ്പോൾ ചർച്ചയായത് സംസ്ഥാന സെക്രട്ടറി അസാന്നിധ്യം. ഇതോടെ സംസ്ഥാന സെക്രട്ടറി എവിടെയെന്ന അന്വേഷണം മുറുകി. എം.എ.ബേബിയുടെ സിപിഎം ജനറല് സെക്രട്ടറി പദവിയില് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അതൃപ്തിയെന്ന വാർത്തയും പരന്നു. മറ്റെല്ലാം നേതാക്കളും കേരളത്തിലേക്ക് മടങ്ങിയിട്ടും ഗോവിന്ദൻ മധുരയിൽ തന്നെ തുടരുകയാണെന്നും ചിലർ പറഞ്ഞു. ഇതോടെ എം.വി. ഗോവിന്ദന്റെ മൊബൈലിലേക്ക് നിലയ്ക്കാത്ത ഫോൺ കോളുകൾ…
പാർട്ടി കോൺഗ്രസിനു മധുരയിലേക്ക് പുറപ്പെടും മുന്നേ രണ്ടു ദിവസത്തെ യാത്ര കൂടി പദ്ധതിയിട്ടാണ് എം.വി.ഗോവിന്ദൻ എകെജി സെന്ററിൽ നിന്നും തിരിച്ചത്. തമിഴ്നാടിന്റെ പാരമ്പര്യങ്ങളും ദ്രാവിഡ സംസ്കാരത്തിന്റെ ശേഷിപ്പുകളും കണ്ടുമടങ്ങാനായിരുന്നു തീരുമാനം. ഭാര്യ ശ്യാമളയും കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനും എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയുടെ സന്തത സഹചാരിയായി പ്രവർത്തിക്കുന്ന ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈയുമായിരുന്നു ഈ യാത്രയിൽ സഹയാത്രികർ. എം.എ. ബേബി എകെജി സെന്ററിൽ എത്തുമ്പോൾ മധുരയിൽ നിന്നും 180 കിലോമീറ്ററോളം ദൂരമുള്ള തഞ്ചാവൂരിൽ ആയിരുന്നു സംസ്ഥാന സെക്രട്ടറി. തഞ്ചാവൂരിൽ എവിടെയെന്ന് ചോദിച്ചാൽ 40 കിലോമീറ്റർ കൂടി സഞ്ചരിക്കേണ്ടി വരും, കല്ലണ അണക്കെട്ട്…
‘‘ഞാൻ മധുരയിൽ അല്ല. ബേബിയോടുള്ള അതൃപ്തി കാരണം ഞാൻ മധുരയിൽ തുടരുന്നുവെന്നൊക്കെ വെറുതെ പറയുന്നതാണ്. ലോകത്ത് ഏറ്റവും പഴക്കമുള്ള ഒരു അണക്കെട്ടുണ്ട്, ഞാൻ ഇവിടെയുണ്ട്. ഈ അണക്കെട്ടിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഞാൻ ഇങ്ങോട്ടേക്ക് വരികയായിരുന്നു. തമിഴ്നാട്ടിലേക്കു തിരിക്കും മുന്നേ കല്ലണ അണക്കെട്ട് കാണാൻ പോകണമെന്ന് ഞാൻ പദ്ധതിയിട്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ് കല്ലണ. ഒരു വളഞ്ഞ ഘടനയോടെയാണ് കല്ലണ അണക്കെട്ട് കാണപ്പെടുന്നത്. കർഷകർക്ക് വെള്ളമില്ലാതെ ആയപ്പോഴാണ് അന്ന് ഇവിടം ഭരിച്ചിരുന്ന കരികാല ചോളൻ ഡാം നിർമാണത്തിലേക്ക് കടന്നത്. ആനയെയും പടയാളികളെയും ഉപയോഗിച്ച് പ്രത്യേക കളിമണ്ണും ഉപയോഗിച്ചാണ് അന്ന് നിർമാണം പൂർത്തിയാക്കിയത്’’ – എം.വി.ഗോവിന്ദൻ പറയുന്നു.
‘‘ദ്രാവിഡ സംസ്കാരത്തിന്റെ ചരിത്രം പറയുന്ന കീലടി മ്യൂസിയവും ഞാൻ സന്ദർശിച്ചു. സിന്ധു നദീതട നാഗരികതയുമായി ദ്രാവിഡ സംസ്കാരത്തിനുള്ള ബന്ധം വ്യക്തമാകുന്ന തെളിവുകളാണ് കീലടിയിൽനിന്ന് ലഭിക്കുന്നത്. ഇന്ത്യയുടെ ആദിമ ചരിത്രത്തെപ്പറ്റിയുള്ള ധാരണയെത്തെന്നെ മാറ്റുന്ന നിഗമനങ്ങളാണിവ’’ – ഗോവിന്ദൻ പറയുന്നു.
എം.എ. ബേബിയോട് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് നമ്മൾ എല്ലാം കൂടിയല്ലേ അദ്ദേഹത്തെ ജനറൽ സെക്രട്ടറി ആക്കിയത് എന്നാണ് ഗോവിന്ദന്റെ മറുപടി. ബേബിയെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തത് ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന വിജയമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇന്നു രാത്രി തമിഴ്നാട്ടിൽ നിന്നും ട്രെയിൻ കയറുമെന്നും നാളെ രാവിലെയോടെ കേരളത്തിൽ എത്തുമെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനു മുന്നോടിയായി മറ്റു ചില ചരിത്രശേഷിപ്പുകൾ കൂടി കാണാനുള്ള തയാറെടുപ്പിലാണ്. കേരളത്തിലെത്തിയാൽ സമയമുണ്ടാകില്ല, പാർട്ടി തിരക്കുകൾക്കൊപ്പം ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമാണ് മുന്നിൽ.