
തിരുവനന്തപുരത്ത് പന്നി ഫാം ഉടമയ്ക്ക് നേരെ ആക്രമണം. പന്നിയെ വാങ്ങനെന്ന പേരിലെത്തിയ രണ്ടംഗ സംഘമാണ് ഫാം ഉടമ ജ്ഞാനശീലനെ ആക്രമിച്ചത്. പന്നിയെ വാങ്ങിയ ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ തടയാൻ ശ്രമിച്ചതിനാണ് മർദനം. സംഭവത്തിൽ ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച വിഴിഞ്ഞം പയറ്റുവിളയിലായിരുന്നു സംഭവം. പന്നിയെ ആവശ്യപ്പെട്ടെത്തിയ കൊല്ലംങ്കോട് സ്വദേശികളായ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വാഹനത്തിലെത്തിയ പ്രതികള്‍ ഫാം ഉടമ ജ്ഞാനശീലനോട് രണ്ട് പന്നികളെ ആവശ്യപ്പെട്ടു. പന്നികളെ വാഹനത്തിൽ കയറ്റിയ ശേഷം തൂക്കം അളക്കുന്നതിനിടെ ഇവർ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചു. ഇത് കണ്ട് ജ്ഞാനശീലൻ വാഹനത്തിന്റെ പിന്നാലെ ഓടി ഇടത് വശത്ത് തൂങ്ങിക്കിടന്നു. ഇതോടെ ഇയാളെ വാഹനത്തിൽ നിന്ന് തള്ളിയിടാനും ഇലക്ട്രിക് പോസ്റ്റിലും മരത്തിലുമിടിച്ച് നിലത്ത് വീഴ്ത്താനും ശ്രമിച്ചു. അര കിലോമീറ്ററോളമാണ് ജ്ഞാനശീലനെ റോഡിലൂടെ വലിച്ചിഴച്ചത്. ഇതിനിടയിൽ ഇയാളുടെ സ്വർണമാലയും ഫോണും പ്രതികള്‍ മോഷ്ടിച്ചു.
ജ്ഞാനശീലന്റെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. പരാതി നൽകിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികളിൽ ഒരാളായ കൊല്ലംങ്കോട് സ്വദേശി രതീഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിക്കായി അന്വേഷണം തുടരുകയാണ്.
Last Updated Apr 8, 2024, 12:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]