
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാൻ പോയ ഒരു യുവാവിന്റെ കഷ്ടകാലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. 4500 രൂപ മുടക്കിയാണ് ജുനൈദ് അഹ്മദ് മത്സരം കാണാനുള്ള ടിക്കറ്റെടുത്തത്. സീറ്റ് നമ്പറും കിട്ടി. J66. എന്നാൽ ടിക്കറ്റും കൊണ്ട് സ്റ്റേഡിയത്തിലെത്തിയപ്പോഴുള്ള അവസ്ഥ അദ്ദേഹം വീഡിയോയിൽ ചിത്രീകരിച്ച് എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇനി ടിക്കറ്റ് തുക തിരികെ ലഭിക്കണമെന്നതാണ് ആവശ്യം.
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ J66 എന്നൊരു സീറ്റേ ഇല്ലെന്നാണ് വീഡിയോയിൽ ജുനൈദ് പറയുന്നത്. J65 കഴിഞ്ഞാൽ തൊട്ടടുത്ത സീറ്റ് J67. ഇതിനിടയിൽ വരേണ്ട J66 ആ സ്ഥലത്ത് കാണാനില്ല. സീറ്റ് തിരഞ്ഞ് പരാജയപ്പെട്ട ശേഷം വിലയേറിയ ടിക്കറ്റുമായി സ്റ്റേഡിയത്തിലെ ഒരു വശത്ത് പോയി നിന്ന് മത്സരം കാണാനായിരുന്നു വിധി. ഇതിന് പകരമായി തനിക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കാനും ഒപ്പം നഷ്ടപരിഹാരം ലഭിക്കാനും അവകാശമില്ലേ എന്നാണ് ജുനൈദിന്റെ ചോദ്യം. ഏപ്രിൽ അഞ്ചാം തീയ്യതി രാത്രി 8.51ന് പോസ്റ്റ് ചെയ്ത ജുനൈദിന്റെ ദുരിത കഥ വളരെ വേഗം വൈറലായി. സ്റ്റേഡിയങ്ങളിലെ ടിക്കറ്റിങ് പിഴവുകളെക്കുറിച്ച് നിരവധിപ്പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു. എന്നാൽ പിന്നാലെ ഈ കഥയ്ക്ക് ഒരു അപ്രതീക്ഷിത ട്വിസ്റ്റുമുണ്ടായി.
മാച്ച് ബ്രേക്കിന്റെ സമയത്ത് ജുനൈദ് വീണ്ടും സീറ്റ് തപ്പിയിറങ്ങി. കുറച്ചുകൂടി അപ്പുറത്തേക്ക് പോയി നോക്കിയപ്പോൾ അതാ തന്റെ J66 സീറ്റ് മറ്റൊരിടത്ത്. അത് പക്ഷേ J69, J70 എന്നീ സീറ്റുകൾക്ക് നടുവിലാണെന്ന് മാത്രം. എന്നാലും തന്റേതല്ലാത്ത പിഴവു കൊണ്ട് മത്സരം മുഴുവൻ നിന്നുകാണേണ്ടി വന്ന ജുനൈദിന് നഷ്ടപരിഹാരം നൽകണമെന്ന് മിക്കവരും സോഷ്യൽ മീഡിയയിൽ കുറിച്ചു. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്നതിനേക്കാൾ വലിയ തട്ടിപ്പാണിതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ടിക്കറ്റ് തുക റീഫണ്ട് ചെയ്തില്ലെങ്കിൽ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകാനാണ് മറ്റ് പലരും ഉപദേശിക്കുന്നത്.
Last Updated Apr 8, 2024, 4:22 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]