
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടപ്പെട്ട സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാരിനെതിരെ പോരാടി നേടിയ ഉത്തരവുമായി അനിത ജോലിയില്‍ പ്രവേശിക്കുമ്പോൾ അതിന് സാക്ഷിയാകാനായി അതിജീവിതയും എത്തിയിരുന്നു. സര്‍ക്കാര്‍ നല്കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമപരമായി നീങ്ങുമെന്നും കൂടുതല്‍ നടപടികള്‍ വരുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനിത പറഞ്ഞു.
അതിജീവിതയ്ക്കൊപ്പം നിന്നുവെന്ന ഒറ്റക്കാരണത്താല്‍ ഭരണാനുകൂല സംഘടനകളുടെയും അതുവഴി ഭരണാധികാരികളുടെയും കണ്ണിലെ കരടായി മാറിയ നഴ്സിംഗ് ഓഫീസര്‍ പിബി അനിത മാസങ്ങള്‍ നീണ്ട നിയമനപോരാട്ടങ്ങള്‍ക്കൊടുവിലാണ് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു. ഹൈക്കോടതി വിധിയുണ്ടായിട്ടും തന്നെ തന്നെ ജോലില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ അനിത സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കോടതി പരിഗണിക്കാനാരിക്കെ ഗത്യന്തരമില്ലാതെയായിരുന്നു ഇന്നലെ വൈകീട്ട് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഉത്തരവിറക്കിയത്. രാവിലെ പത്തരയോടെ മെഡിക്കല്‍ കോളേജിലെത്തിയ പിബി അനിതയ്ക്ക് സ്ത്രീകളുടേയും കുട്ടികളുടെയും പരിചരണ കേന്ദ്രത്തിലാണ് നിയമനം കിട്ടിയത്.
ജോലിയില്‍ പ്രവേശിക്കാനായെങ്കിലും അനിതയുടെ കാര്യത്തില്‍ ആശങ്കകളും ചോദ്യങ്ങളും ബാക്കിയാണ്. പുനപരിശോധനാഹര്‍ജിയില്‍ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പദവിയിലേക്ക് കൂടുതല്‍ യോഗ്യതകളും ഔട്ട് സ്റ്റേഷന് പരിചയവുമുള്ള 18 നഴ്സുമാരുടെ അപേക്ഷകളുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.പുനപരിശോധനാ ഹര്‍ജിയിലെ കോടതിവിധിക്ക് ശേഷമായിരിക്കും നിയമനം സംബന്ധിച്ച് അന്തിമ തീരുമാനം വരിക.
പൊതുവികാരം ശക്തമായതിനെത്തുടര്‍ന്ന് നിലപാട് മാറ്റിയെങ്കിലും സിസ്റ്റര്‍ അനിതയുടെ ഭാഗത്ത് മേല്‍നോട്ടക്കുറവുണ്ടായെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ചുരുക്കത്തില്‍ കണ്ണില്‍ പൊടിയിടാന്‍ നിയമനം നല്‍കിയെങ്കിലും അനിതയെ കോഴിക്കോട് നിന്നും വീണ്ടും മാറ്റാനാണ് നീക്കങ്ങള്‍. പിബി അനിതയ്ക്ക് പിന്തുണയുമായി ഇന്ന് അതിജീവിതയും മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. ഇനിയെങ്കിലും ആരോഗ്യമന്ത്രി അതിജീവിതയ്ക്ക് ഒപ്പമെന്ന് തെളിയിക്കട്ടെയെന്ന് അതിജീവിത പ്രതികരിച്ചു. സര്‍ക്കാര്‍ നല്കിയ റിവ്യൂഹര്‍ജി നാളെയും പരിഗണിച്ചേക്കും.
Last Updated Apr 7, 2024, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]