
ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി ആതിഥേയരായ ന്യൂസിലന്‍ഡ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 45.2 ഓവറില്‍ വെറും 162 റണ്‍സില്‍ എല്ലാവരും ഓള്‍ഔട്ടായി. ജോഷ് ഹേസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റും നേടി. 38 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. കരിയറിലെ നൂറാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാന്‍ കെയ്ന്‍ വില്യംസണിന് സാധിച്ചില്ല. വാലറ്റത്തിന്റെ കരുത്തിലാണ് കിവികള്‍ 150 കടന്നത്.
ടോസ് ലഭിച്ചിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ആത്മവിശ്വാസം ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനും കാത്തപ്പോള്‍ ന്യൂസിലന്‍ഡ് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 47 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ വില്‍ യങിനെ (57 പന്തില്‍ 14) യാത്രയാക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ സഹ ഓപ്പണര്‍ ടോം ലാഥം (69 പന്തില്‍ 38), മധ്യനിര ബാറ്റര്‍മാരായ രചിന് രവീന്ദ്ര (9 പന്തില്‍ 4), ഡാരില്‍ മിച്ചല്‍ (13 പന്തില്‍ 4), മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (37 പന്തില്‍ 17) എന്നിവരെ മടക്കി ജോഷ് ഹേസല്‍വുഡ് തീപ്പന്തമായി.
ഇതിന് ശേഷം വീണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് കൊടുങ്കാറ്റാവുന്നതാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ കണ്ടത്. അടുത്തടുത്ത ബോളുകളില്‍ ഗ്ലെന്‍ ഫിലിപ്സ് (8 പന്തില്‍ 2), സ്കോട്ട് (1 പന്തില്‍ 0) എന്നിവരെ മടക്കി സ്റ്റാര്‍ക്ക് കിവികളുടെ ആഘാതം കൂട്ടി. 47-1 നിന്ന് 107-8 എന്ന നിലയിലേക്ക് ഇതോടെ ന്യൂസിലന്‍ഡ് പരുങ്ങി. ഇതിന് ശേഷം വാലറ്റത്ത് മാറ്റ് ഹെന്റിയും നായകന് ടിം സൗത്തിയും നടത്തിയ ശ്രമമാണ് ന്യൂസിലന്‍ഡിനെ 150 കടത്തിയത്. 20 പന്തില്‍ 26 റണ്‍സ് നേടിയ ടിം സൗത്തിയെ പാറ്റ് കമ്മിന്‍സ് മടക്കി. 28 ബോളില്‍ 29 നേടിയ മാറ്റ് ഹെന്റിയെ പറഞ്ഞയച്ച് ഹേസല്‍വുഡ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ അക്കൗണ്ട് തുറക്കാതെ ബെന്‍ സിയേഴ്സ് പുറത്താവാതെ നിന്നു. 13.2 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹേസല്‍വുഡിന്റെ അഞ്ച് വിക്കറ്റ് നേട്ടം.
Last Updated Mar 8, 2024, 10:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]