
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റാഷ് ഡ്രൈവിംഗ് ഉള്ള റോഡേതെന്ന് ചോദിച്ചാല്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് ഒരു ഉത്തരമേയുണ്ടാകൂ. അത്, ദില്ലി – എൻസിആര്‍ റോഡാണ്. നീണ്ട് വിശാലമായി കിടക്കുന്ന റോഡില്‍ ആര്‍ക്കും ആക്സിലേറ്ററില്‍ കാല് ചവിട്ടിപ്പിടിക്കാന്‍ തോന്നും. ദിവസവും ഒരു അപകടമെങ്കിലുമില്ലാതെ ദില്ലി – എൻസിആര്‍ റോഡ് കടന്ന് പോകുന്നില്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ ദില്ലി എൻസിആര്‍ റോഡില്‍ നടന്ന ഒരു സ്റ്റണ്ട് വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോ കണ്ടവര്‍ കണ്ടവര്‍ കുറിച്ചത് വെറുതെയല്ല അപകടങ്ങള്‍ ഇങ്ങനെ കൂടുന്നതെന്നായിരുന്നു.
വീഡിയോയില്‍ തിരക്കേറിയ റോഡില്‍ കൂടി. മുന്നില്‍ ഡോര്‍ തുറന്ന് പിടിച്ച് ഒരു വെള്ള എസ്യുവി പോകുന്നു. അതിന്റെ മുകളിലായി ഒരു ബീക്കണ്‍ ലൈറ്റുണ്ട്. എന്നാല്‍ വണ്ടിക്ക് നമ്പര്‍ പ്ലേറ്റില്ല. പിന്നാലെ വാഹനം ഒരു മേല്‍പ്പാലത്തിന് താഴെ കൂടി അമിത വേഗതയില്‍ പാഞ്ഞ് പോകുന്നു. ഇടയ്ക്ക് വാഹനത്തിന്റെ മുന്‍ വശത്തെ ഡോര്‍ തുറന്ന് കിടന്നു. വീഡിയോയില്‍ ഇടയ്ക്ക് റോഡില്‍ വാഹനത്തെ നോക്കി നില്ക്കുന്ന പോലീസുകാരെ കാണാം. പിന്നാലെ വീഡിയോ അവസാനിക്കുന്നു. ഒരു സുരക്ഷയുമില്ലാതെ, നമ്പര്‍ പ്ലേറ്റില്ലാതെ, ബീക്കന്‍ ലൈറ്റ് വച്ച് പാഞ്ഞുപോകുന്ന എസ്യുവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. ഏതാണ്ട്, ആറ് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
നജഫ്ഗഡ്-രജൗരി ഗാർഡൻ റൂട്ടിലായിരുന്നു സ്റ്റണ്ട് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവരത്തെ തുടര്‍ന്ന് പോലീസ് എസ്യുവി കണ്ടെത്തുകയും സാഹസികമായ പിടികൂടുകയും ചെയ്തു. പോലീസ് വാഹനം പിടികൂടുമ്പോള്‍ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഉണ്ടായിരുന്നെങ്കിലും നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. ‘പോലീസ് വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ചില വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗും സ്റ്റണ്ടുകളും ഉയർത്തിക്കാട്ടിക്കൊണ്ട് ആർഡബ്ല്യുഎ രജൗരി ഗാർഡന്റെ ഒരു പരാതി പിഎസ് രജൗരി ഗാർഡനിൽ ലഭിച്ചു. ഐപിസി സെക്ഷൻ 279 പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.’ എഎന്‍ഐ വീഡിയോ പങ്കിട്ട് കൊണ്ട് കുറിച്ചു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലായിരുന്നു അപകടരമായ സ്റ്റണ്ട് നടന്നത്. ചിലര്‍ ഇന്ത്യന്‍ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്നായിരുന്നു കമന്റ് ചെയ്തത്. മറ്റ് ചിലര്‍ യുവാക്കള്‍ ശിക്ഷിക്കപ്പെടണമെന്നും സാധാരണക്കാരുടെ ജീവിന് ഇത്തരക്കാര്‍ക്ക് ഒരു വിലയുമില്ലെന്ന് എഴുതി.
Last Updated Mar 8, 2024, 8:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]