
റിയാദ്: സൗദിയിൽ ജോലി തേടിയെത്തിയ ഫാർമസിസ്റ്റും ഡ്രൈവറും ചെന്ന് പെട്ടത് മരുഭൂമിയിൽ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ഇടയ ജീവിതത്തിെൻറ നരകയാതനയിൽ. കുറെക്കൂടി മെച്ചപ്പെട്ട ജീവിതം തേടിയാണ് നാട്ടിൽ ഡ്രൈവറായിരുന്ന പഞ്ചാബ് സ്വദേശി ജക്സീറും ഫാമസിസ്റ്റായ കശ്മീർ സ്വദേശി ആരിഫും സൗദിയിലേക്ക് വിമാനം കയറിയത്. റിയാദിൽ മികച്ച ശമ്പളം കിട്ടുന്ന ഹൗസ് ഡ്രൈവർ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒന്നര ലക്ഷം രൂപ കൈപ്പറ്റിയാണ് ഏജൻറ് ജക്സീറിന് വിസ നൽകിയത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായ യുവാവ് റിയാദ് വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ കണ്ടുതീർത്ത നിറമുള്ള സ്വപ്നങ്ങളെല്ലാം ഒറ്റദിവസം കൊണ്ട് കൊടിയ മരുഭൂമിയിൽ കരിഞ്ഞുവീണു.
13 മാസമായി നാട്ടിൽ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. വിമാനത്താവളത്തിൽ വന്ന് സ്വീകരിച്ച സ്പോൺസർ കൊണ്ടുപോയത് 1500 കിലോമീറ്ററകലെ വടക്കൻ അതിർത്തി മേഖലയിലെ അറാർ പ്രദേശത്തെ മരുഭൂമിയിലേക്ക്. ഒട്ടകങ്ങളുടെയും ആടുകളുടെയും പറ്റങ്ങൾക്കിടയിൽ കൊണ്ടിട്ടു. ചെറിയൊരു കൂടാരത്തിൽ ഒരു കട്ടിലും കിടക്കയും, അതിലാണുറക്കം. അരിയും റൊട്ടിയും കൊണ്ടുകൊടുക്കും. കറികളൊന്നുമില്ല. അതായിരുന്നു ഭക്ഷണം. അസുഖം വന്നാൽ ചികിത്സയില്ല. 1000 റിയാലാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ആദ്യമൊക്കെ അൽപം കിട്ടി. പിന്നീട് ഏഴ് മാസമായി അതുമില്ല.
ഫാർമസിസ്റ്റ് ആരിഫ് രണ്ട് മാസം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന കുടുംബം. പിതാവ് റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനും സഹോദരൻ മിലിട്ടറി ഉദ്യോഗസ്ഥനും. മെച്ചപ്പെട്ട ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നര ലക്ഷം രൂപ ഏജൻറിന് നൽകി സൗദിയിലേക്ക് വിമാനം കയറിയത്. റിയാദ് നഗരത്തിൽ നല്ല ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. വിമാനത്താവളത്തിൽ നിന്നും സ്പോൺസർ കൊണ്ടുപോയത് വിജനമായ മരുഭൂമിയിലേക്ക്. രണ്ട് മാസത്തോളം പുറം ലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ജീവിതം നരകതുല്യം. രക്ഷപ്പെടാൻ മാർഗം തേടിയിരുന്നപ്പോൾ ഒട്ടകത്തിനുള്ള ഭക്ഷണ സാധനങ്ങളുമായെത്തിയ വിദേശിയായ ലോറി ഡ്രൈവർ ആശ്വാസമായി. അയാൾക്ക് റിയാദിൽ ട്രയിലർ ഡ്രൈവറായ സഹോദരീ ഭർത്താവ് ഹാഫിസിെൻറ നമ്പർ നൽകി. ആരിഫുള്ള പ്രദേശത്തിെൻറ ലൊക്കേഷനും അവിടെ ഒരു ഗ്രാമത്തിലേക്കുള്ള സൈൻ ബോർഡിെൻറ ഫോട്ടോയും ആ ഡ്രൈവർ ഹാഫിസിന് അയച്ചുകൊടുത്തു.
തൻറെ ഭാര്യാസഹോദരനെ രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ച് ഹാഫിസ് ഇന്ത്യൻ എംബസിയെ സമീപിച്ചു. എംബസി അധികൃതർ മലയാളി സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ ആരിഫിെൻറ സ്പോൺസറുടെ കീഴിൽ ഒരു പഞ്ചാബ് സ്വദേശിയും മരുഭൂമിയിൽ കുടുങ്ങികിടക്കുകയാണെന്ന് അറിഞ്ഞു. അതായിരുന്നു ജക്സീർ. രണ്ടുപേരെയും അവിടെ നിന്ന് രക്ഷിച്ചുകൊണ്ടുവരാനുള്ള അധികാര പത്രം എംബസി സിദ്ദീഖിന് നൽകി. ലോറി ഡ്രൈവർ കൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി റിയാദിൽനിന്ന് പുറപ്പെട്ട സിദ്ദീഖ് 804 കിലോമീറ്റർ താണ്ടി ദിവസങ്ങൾ നീണ്ട പരിശ്രമങ്ങളിലൂടെ ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്ത് രണ്ടുപേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്കുള്ള ആ ധീരമായ യാത്രക്കിടയിൽ കാറ്റും മഴയും തണുപ്പുമായി പ്രകൃതിയുടെ പ്രതികൂലതകളോട് വരെ സിദ്ദീഖ് പോരടിക്കേണ്ടിവന്നു.
Read Also –
ഡ്രൈവർ തന്ന ലോക്കേഷൻ മാപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട ഒരു റോഡിൽനിന്ന് ഒരു ഗ്രാമത്തിലേക്ക് വഴിപിരിയുന്നിടത്തെ സൈൻ ബോർഡിന് അരുകിലെത്താനെ കഴിഞ്ഞുള്ളൂ. ഒസ്മാൻഡ് എന്ന ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മനുഷ്യരുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ വഴിയിലൂടെ വീണ്ടും 11 കിലോമീറ്റർ സഞ്ചരിക്കാനാണ് ആപ്ലിക്കേഷൻ പറഞ്ഞത്. വളരെ ദുർഘടമായിരുന്നു ആ പാത. എങ്ങനെ ആ വഴി താണ്ടും എന്നലോചനയ്ക്കിടയിലാണ് അൽപദൂരം കൂടി പോയപ്പോൾ ഒരു പൊലീസ് സ്റ്റേഷൻ കണ്ടത്. സ്റ്റേഷനിലെത്തി വിഷയം അവതരിപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ ഫോണിലൂടെ ബന്ധപ്പെട്ടു. അബൂ ഖാലിദെന്ന പൊലീസ് ഓഫീസൻ അവധിയായിട്ടും 150 കിലോമീറ്ററുകളോളം താണ്ടി സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തി. അവരുടെ സഹായത്തോടെ ആ ദുർഘടപാത താണ്ടി യഥാർഥ സ്ഥലത്ത് എത്തി. അവിടെ ഒരു കൂടാരമാണ് കണ്ടത്. ചുറ്റുപാടും ആരുമുണ്ടായിരുന്നില്ല. കൂടെ വന്ന പൊലീസ് ഓഫീസർ വിളിച്ചപ്പോൾ കൂടാരത്തിൽനിന്ന് ഒരു പ്രായം ചെന്ന സൗദി പൗരൻ പുറത്തിറങ്ങിവന്നു. പൊലീസ് ഓഫീസർ വിശേഷങ്ങൾ ചോദിച്ച് ഇന്ത്യൻ തൊഴിലാളികളിവിടെ ജോലി ചെയ്യുന്നുണ്ടോ എന്നന്വേഷിച്ചപ്പോൾ ഇല്ലെന്നായി. കൂടെയുള്ളത് ഇന്ത്യൻ എംബസിയുടെ പ്രതിനിധിയാണെന്ന് അയാളോട് പറഞ്ഞു.
ഒടുവിൽ ആരിഫിനെയും ജക്സീറിനെയും അവിടെ നിന്ന് കണ്ടെത്തി. നീണ്ട താടിയം കുഴിഞ്ഞ കണ്ണുകളും മുഷിഞ്ഞ വസ്ത്രവുമായി ആകെ വിവശരായിരുന്നു ഇരുവരും. അവരെയും സ്പോൺസറെയും അയാളുടെയും മകനെയും കൂടി പൊലീസ് സ്റ്റേഷനിലെത്തി. രണ്ടുപേരുടെയും ശമ്പള കുടിശികയും പാസ്പോർട്ടുകളും സ്പോൺസർ സ്റ്റേഷനിൽ വെച്ച് കൈമാറി. ഭക്ഷണമടക്കം പൊലീസ് വലിയ സഹായസഹകരണങ്ങളാണ് നൽകിയതെന്ന് സിദ്ദീഖ് പറഞ്ഞു. ഇരുവരെയും സിദ്ദീഖ് റിയാദിലെത്തിച്ച് എംബസിയിൽ ഹാജരാക്കി. ജക്സീർ 13 മാസത്തിന് ശേഷവും ആരിഫ് രണ്ട് മാസത്തിന് ശേഷവും നാട്ടിലുള്ള കുടുംബാംഗങ്ങളുമായി വീഡിയോ കാളിൽ സംസാരിച്ചു, പരസ്പരം കണ്ടു. സ്പോൺസർ ഫൈനൽ എക്സിറ്റ് വിസ നൽകിയാൽ ഇരുവർക്കും വൈകാതെ നാടണയാം, ഇല്ലെങ്കിൽ തൊഴിൽ കോടതി വഴി പരിഹാരം കണ്ടെത്തുമെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു.
Last Updated Mar 8, 2024, 11:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]