

ചെങ്ങന്നൂര്‍ വേളാവൂര്‍ ജംഗ്ഷന് മുതല്‍ കോട്ടയം ഐഡ ജംഗ്ഷന് വരെയുള്ള റോഡ് നവീകരണ ജോലികള്‍ പുതിയ കരാറുകാരന് ഏറ്റെടുത്തു
ചങ്ങനാശേരി : 36കോടി രൂപയ്ക്ക് എന്‍എച്ച് 183യില്‍ (എംസി റോഡ്) ചെങ്ങന്നൂര്‍ വേളാവൂര്‍ ജംഗ്ഷന് മുതല്‍ കോട്ടയം ഐഡ ജംഗ്ഷന്‍വരെയുള്ള റോഡ് നവീകരണ ജോലികള്‍ പുതിയ കരാറുകാരന് ഏറ്റെടുത്തു.
തെരുവത്ത് ബില്‍ഡേഴ്സ് എന്ന കോണ്‍ട്രാക്ടറാണ് നിര്‍മാണ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമുള്ളിടത്ത് ബിഎം ടാറിംഗും ബാക്കി മുഴുവന്‍ ഭാഗത്തും ബിസി നിലവാരത്തിലുമുള്ള ടാറിംഗും നടത്തുന്ന ജോലികള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ലെവലിംഗ് സര്‍വേ ജോലികള്‍ ആരംഭിച്ചതായി റോഡിന്റെ നിര്‍മാണ ചുമതലയുള്ള എന്‍എച്ച് കൊല്ലം ഡിവിഷന് അധികൃതര്‍ പറഞ്ഞു.
റോഡിന്റെ 35 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് റോഡ് ടാറിംഗ് നടപ്പാക്കുന്നത്. ഈ മാസം അവസാനത്തോടെ നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്നും ഡിവിഷന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആറുവര്‍ഷം മുൻപാണ് കെഎസ്ടിപി എംസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നാണ് ഈ റോഡ് നാഷണല്‍ ഹൈവേ വിഭാഗം ഏറ്റെടുത്ത് എന്‍എച്ച്-183 എന്ന് നാമകരണം നടത്തിയത്. മൂന്നുവര്‍ഷങ്ങള്‍ക്കു മുൻപ് ഈ റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ എന്‍എച്ച് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.
റോഡിന്റെ നവീകരണത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം 2022 ഫെബ്രുവരിയില്‍ 39.48 കോടി രൂപ അനുവദിച്ചിരുന്നു. 2023ല്‍ ഈ റോഡിന്റെ നിര്‍മാണം ഒരു കരാറുകാരന് ടെന്‍ഡര്‍ നല്‍കിയെങ്കിലും ഇയാള്‍ നിര്‍മാണം ഏറ്റെടുക്കാതെ വന്നതോടെ റോഡ് നിര്‍മാണം പ്രതിസന്ധിയിലാകുകയായിരുന്നു. ഈ കരാറുകാരനെ ഒഴിവാക്കിയാണ് നിര്‍മാണം പുതിയ കരാറുകാരന് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെതന്നെ അതിപ്രധാപ്പെട്ട ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ടാറിംഗ് തകര്‍ന്ന് വലിയ ഗട്ടറുകള്‍ രൂപപ്പെട്ടതോടെ അപകടങ്ങൾ പതിവായിരുന്നു.
ഈ റോഡിലെ തിരുവല്ല, പെരുന്തുരുത്തി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഡിവൈഡര്‍ ലൈനുകളും സീബ്രാ ക്രോസിംഗുകളും മാഞ്ഞ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റിയ നിലയിലാണ്. റോഡ് നിര്‍മാണം വേഗത്തിലാക്കി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നവീകരണം പുതിയ കരാറുകാരൻ ഏറ്റെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]