
തിരുവനന്തപുരം – കേരള രാഷ്ട്രീയം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. സർപ്രൈസും മുൻകാല പരാതികളും പരിഗണിച്ചുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇതിൽ വടകരയിലെ സിറ്റിംഗ് എം.പിയും ലീഡർ കെ കരുണാകരന്റെ മകനുമായ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ മുരളീധരനെ ലീഡറുടെ തട്ടകമായ തൃശൂരിലേക്ക് മാറ്റി പ്രവർത്തകർക്ക് കൂടുതൽ ആവേശം പകരാൻ നേതൃത്വം തന്ത്രപരമായ ഇടപെടൽ നടത്തിയതാണ് ഏറ്റവും പുതിയത്. പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലേക്ക് ചാക്കിട്ട് തൃശൂരിൽ നടൻ സുരേഷ് ഗോപിക്ക് ജയിച്ചുകയറാൻ തന്ത്രം പയറ്റുന്ന സംഘപരിവാറിന്റെ കുരുട്ടുബുദ്ധിയെ ലീഡറുടെ മകനെക്കൊണ്ടുതന്നെ വീണ്ടും തുരത്താനാണ് കോൺഗ്രസ് നീക്കം. മുമ്പ് നേമം നിയമസഭാ മണ്ഡലത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി ചുമതല ഏറ്റെടുക്കാൻ തയ്യാറായ മുരളീധരന് തൃശൂർ സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്നതിനപ്പുറം വലിയൊരു സന്ദേശം കൂടി നൽകാനുണ്ട്. പത്മജ വേണുഗോപാലിലൂടെ പാർട്ടിക്കുണ്ടായ അവമതിപ്പ് സഹോദരൻ കെ മുരളീധരനെ പോലെ ഉയർന്നൊരു നേതാവിനെ മുന്നിൽ നിർത്തി പരിഹരിക്കുന്നതോടൊപ്പം ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും കൂടുതൽ ശക്തി പകരാനുമാണ് പാർട്ടി ശ്രമിക്കുന്നത്. മുരളീധരൻ ശക്തന്റെ മണ്ണിൽ പുതിയ പോരിന് പടനയിക്കുമ്പോൾ കടത്താനടൻ മണ്ണിന്റെ അങ്കക്കളരിയിലേക്ക് പകരക്കാനായി പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ഷാഫി പറമ്പിലിനെ രംഗത്തിറക്കാനും ധാരണയുണ്ട്. ഷാഫിക്കാണ് പ്രഥമ പരിഗണനയെങ്കിലും അദ്ദേഹം വിജയിച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ, അവിടെ ഷാഫി അല്ലാതെ മറ്റൊരാൾക്ക് സീറ്റ് നിലനിർത്താൻ സാധിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്. ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന നിമിഷമായിരുന്നു ഷാഫി 2021-ൽ മണ്ഡലം നിലനിർത്തിയത്. ഈ ഘടകം പരിഗണിച്ച് ഷാഫിയെ മാറ്റി വടകരയുമായി കൂടുതൽ അടുപ്പമുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി സിദ്ദീഖിനെ പരിഗണിക്കണമെന്ന ആലോചനയും നേതൃത്വത്തിന് മുമ്പിലുണ്ട്. കൽപ്പറ്റയിൽ ഉപതെരഞ്ഞെടുപ്പ് വന്നാലും മറ്റൊരു കോൺഗ്രസ് നേതാവിന് ജയിച്ച് കയറാൻ പാലക്കാട്ടേത് പോലുള്ളൊരു വെല്ലുവിളി ഇല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്തായാലും അന്തിമ തീരുമാനം നേതൃത്വം എടുത്തുകഴിഞ്ഞു. ഇനി പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.
വടകരയിലേക്ക് ന്യൂനപക്ഷ സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതോടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച മുൻ പരാതി ഇത്തവണ ആവർത്തിക്കാതിരിക്കാനും നേതൃത്വത്തിനാവും. തൃശൂരിലെ സിറ്റിംഗ് എം.പി ടി.എൻ പ്രതാപനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാനുമാണ് നേതൃയോഗത്തിലെ ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത്തരമൊരു മാറ്റം നിർദേശിച്ചത്. ഇതോട് നേതാക്കളെല്ലാം ഏകമനസ്സോടെ യോജിക്കുകയായിരുന്നു.
ഈഴവ, മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ ആലപ്പുഴയിലും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലും സ്ഥാനാർത്ഥിയാകും. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ തുടരണമെന്ന കേരള ഘടകത്തിന്റെ നിർബന്ധത്തിന് ദേശീയ നേതൃത്വം വഴങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇന്ത്യ മുന്നണിയോട് എല്ലാ നിലയ്ക്കും സഹകരിക്കുന്ന സി.പി.ഐ വയനാട്ടിൽ ഉന്നയിച്ച ആവശ്യത്തോട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അനുകൂല സമീപനം സ്വീകരിക്കണമെന്ന വികാരമുണ്ടെങ്കിലും കേരള ഘടകത്തിലെ ഒറ്റപ്പെട്ട ചിലർ ഒഴികെ കാര്യമായി ആരും ഇതോട് യോജിച്ചിട്ടില്ല. മാത്രവുമല്ല, രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യം കേരളത്തിലെ മൊത്തം പ്രകടനത്തിൽ കൂടുതൽ ഗുണം ചെയ്യുമെന്നും കേരള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിൽ മത്സരിച്ചാലും മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുലിനെ മത്സരിപ്പിച്ച് ബി.ജെ.പിക്കെതിരായ പോർമുഖം കൂടുതൽ കനപ്പിക്കണമെന്ന ആവശ്യവും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വി.കെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എം.കെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാരും വീണ്ടും ജനവിധി തേടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]