![](https://newskerala.net/wp-content/uploads/2025/02/virendraa-sachdeva.1.3129508.jpg)
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് ബിജെപി. ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ.
‘ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കും. ഇത് ഞങ്ങൾക്ക് വലിയ കാര്യമല്ല. ജനങ്ങളെ വഞ്ചിക്കുന്നവരോട് ഇങ്ങനെ തന്നെയായിരിക്കും അവർ തിരിച്ചും പെരുമാറുക. പാർട്ടി പ്രതീക്ഷിച്ചിച്ച ഫലം തന്നെയാണ് വോട്ടിംഗ് പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത്. എന്നിരുന്നാലും അവസാന ഫലത്തിനായി കാത്തിരിക്കും. പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഠിനാധ്വാനം ചെയ്തു. ഈ വിജയം കേന്ദ്ര നേതൃത്വത്തിന്റെ വിജയമായിരിക്കും. ഡൽഹിയിലെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഞങ്ങൾ മത്സരിച്ചത്. പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കാനാണ് അരവിന്ദ് കേജ്രിവാൾ ശ്രമിച്ചത്’- സച്ച്ദേവ വ്യക്തമാക്കി. വോട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ് സച്ച്ദേവ ഗണപതി ക്ഷേത്രത്തിലെത്തി പൂജകൾ ചെയ്തിരുന്നു.
നിലവിൽ 40 സീറ്റുകൾക്കാണ് രാജ്യതലസ്ഥാനത്ത് ബിജെപി ലീഡ് ചെയ്യുന്നത്. 29 സീറ്റുകളിൽ എഎപി തൊട്ടുപിന്നാലെയുണ്ട്. കോൺഗ്രസിന് ഇതുവരെ ലീഡ് നേടാനായിട്ടില്ല. ആം ആദ്മി പാർട്ടി മുന്നിലും പിന്നിലുമായി അഞ്ചിലേറെ തവണയാണ് ഫലങ്ങൾ മാറിമറിഞ്ഞത്. 27 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് ഫലങ്ങളിലേറെയും പ്രവചിച്ചത്. അഴിമതി കേസുകൾ തളർത്തിയെങ്കിലും നാലാം ടേമിലേക്കുള്ള പോരാട്ടത്തിലാണ് എഎപി. അതേസമയം, ഒരു വ്യാഴവട്ടത്തിന് ശേഷം രാജ്യതലസ്ഥാനത്ത് കോൺഗ്രസ് അക്കൗണ്ട് തുറക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]