![](https://newskerala.net/wp-content/uploads/2025/02/pic.1738977575.jpg)
വാഷിംഗ്ടൺ: ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ (ഐ.സി.സി) ഉപരോധം പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോടതിക്കുള്ള സാമ്പത്തിക സഹായം നിറുത്തും. യു.എസ് പൗരന്മാർക്കോ ഇസ്രയേൽ പോലുള്ള യു.എസ് സഖ്യ കക്ഷികൾക്കോ എതിരെയുള്ള ഐ.സി.സി അന്വേഷണങ്ങളുടെ ഭാഗമായ ഉദ്യോഗസ്ഥർക്കാണ് ഉപരോധം. ഇവർക്ക് സാമ്പത്തിക,യാത്രാ വിലക്കുകൾ ചുമത്താൻ ട്രംപ് ഉത്തരവിട്ടു.
ഉപരോധം ചുമത്തപ്പെടുന്നവരുടെ യു.എസിലെ സ്വത്തുക്കൾ മരവിപ്പിക്കും. ഇവർക്കും കുടുംബാംഗങ്ങൾക്കും യു.എസ് സന്ദർശിക്കാനുമാകില്ല. അതേസമയം,ഉപരോധപ്പട്ടികയിൽ പെട്ടവരുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസ യുദ്ധ പശ്ചാത്തലത്തിൽ നെതന്യാഹുവിനും യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കോടതി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ മാത്രമേ കോടതിക്ക് അധികാരമുള്ളൂ. കോടതിക്ക് സ്വന്തമായി പൊലീസുമില്ല. ഇസ്രയേൽ, റഷ്യ, യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കോടതിയിലെ അംഗങ്ങളല്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 125 അംഗങ്ങളുണ്ട്.
വാറണ്ടുള്ള വ്യക്തികൾ കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ ചിലപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അതേ സമയം, ട്രംപിന്റെ തീരുമാനത്തെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അടക്കമുള്ള യൂറോപ്യൻ നേതാക്കൾ വിമർശിച്ചു.
തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനെ ഇല്ലാതാക്കും: ട്രംപ്
ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ, ആ രാജ്യത്തെ തുടച്ചുമാറ്റണമെന്ന് തന്റെ ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്. ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ചുമത്തിയുള്ള ഉത്തരവിൽ ഒപ്പുവയ്ക്കുന്നതിനിടെയായിരുന്നു പ്രതികരണം. അതേ സമയം, ഇറാനുമായി ഉറപ്പുള്ള ആണവ സമാധാന കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്നും ട്രംപ് പ്രതികരിച്ചു. ചർച്ചയ്ക്കുള്ള ട്രംപിന്റെ ആഹ്വാനത്തെ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി തള്ളി. തങ്ങൾക്ക് നേരെ ഇനിയും ഭീഷണി തുടർന്നാൽ തിരിച്ചടിക്കാൻ യാതൊരു മടിയുമില്ലെന്നും ഖമനേയി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് യു.എസിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 3ന് ട്രംപിന്റെ (ട്രംപിന്റെ ഒന്നാം പ്രസിഡൻഷ്യൽ ടേം) ഉത്തരവ് പ്രകാരം നടന്ന ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.