തിരുവനന്തപുരം: ഹെക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാകാതിരിക്കുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്ത കുറ്റത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ഡോ.ഉണ്ണിക്കൃഷ്ണന് വികലാംഗ ക്വാട്ടയിൽ നിയമനം നൽകണം എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് ഇന്ന് കോടതി അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.
നിലവിൽ ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടരായി ജോലി നോക്കുന്ന ഡോ. ഉണ്ണിക്കൃഷ്ണന് വികലാംഗ ക്വാട്ടയിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകുന്നതിന് 2023 ഓഗസ്റ്റ് ഒൻപതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവായിരുന്നു. എന്നാൽ സർക്കാർ ഈ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടർന്ന് ഡോക്ടർ ഉണ്ണിക്കൃഷ്ണൻ കോടതിയലക്ഷ്യ കേസിന് ഹൈക്കോടതിയിൽ ഹർജി നൽകി. ഇതോടെ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. എന്നാൽ ഇത് 2024 ഫെബ്രുവരി 23ന് സുപ്രീംകോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. എന്നാൽ ജൂലായ് 18ന് പുനഃപരിശോധനാ ഹർജിയും കോടതി തള്ളി.
തുടർന്ന് ഡിസംബർ 10ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഒന്നുകിൽ ഉത്തരവ് അനുസരിക്കണമെന്നും അതല്ലെങ്കിൽ നേരിച്ച് ഹാജരായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിന്നീട് കേസ് ഇന്ന് പരിഗണിച്ചെങ്കിലും ചുമതലപ്പെട്ട അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല. ഇതോടെയാണ് കോടതി രാജൻ ഖോബ്രഗഡെയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]