കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം നാലുപേരുടെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. ഇവർക്കെതിരെ സിബിഐ അഭിഭാഷകന്റെ ശക്തമായ വാദം തള്ളിയാണ് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചത്. ഇതോടെ ഇവരുടെ ജയിൽമോചനത്തിന് സാദ്ധ്യത ഉണ്ടായിരിക്കുകയാണ്.
അഞ്ച് വർഷം തടവുശിക്ഷ സിബിഐ കോടതി വിധിച്ച മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ വെളുത്തോളി എന്നിവർക്കാണ് ഹൈക്കോടതി വിധിയോടെ ജയിൽ മോചനം സാദ്ധ്യമാകുന്നത്. സിബിഐ കോടതി ശിക്ഷ വിധിച്ചതിന് പിറ്റേന്നുതന്നെ മുൻ എംഎൽഎയടക്കം ഈ അഞ്ച് പ്രതികളെ എറണാകുളം ജില്ലാ ജയിലിൽ നിന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് അഭിവാദ്യമർപ്പിക്കാനും കാണാനും പി.ജയരാജനടക്കം നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും സെൻട്രൽ ജയിലിൽ എത്തിയിരുന്നത് വാർത്തയുമായിരുന്നു.
പെരിയ ഇരട്ടക്കൊല കേസിലെ രണ്ടാം പ്രതിയായ സജി കൊലയ്ക്ക് ശേഷം പിടി നൽകാതെ ഒളിവിൽ കഴിയുന്ന സമയം പെരിയയിൽ ഒരു പ്രാദേശിക പത്രപ്രവർത്തകൻ ഇയാളെ കണ്ടിരുന്നു. തുടർന്ന് ചിത്രമെടുത്ത് ബേക്കൽ പൊലീസിൽ അറിയിച്ചു. ഇയാളെ പിടികൂടാൻ ബേക്കൽ എഎസ്ഐയടക്കം എത്തിയ സമയം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം ഈ നാല് പ്രതികൾ പൊലീസിനെ തടയുകയും കേസിലെ പ്രതിയെ മാറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് സിബിഐ ഇവർക്ക് തടവ്ശിക്ഷ വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊലക്കേസ് വിധി വന്നതിന് പിന്നാലെ കേസിനെ മേൽക്കോടതിയിൽ നിയമപരമായി നേരിടും എന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ നാലുപേർക്കായി ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഐ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഈ വാദങ്ങൾ കോടതിയിൽ ശരിവയ്ക്കുകയാണ് ഉണ്ടായത് എന്നാണ് ശിക്ഷാവിധി മരവിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്.