ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ. 2368.83 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് തുണയായത്.
ഏഷ്യൻ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കോണ്ടിനെന്റൽ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള ഉയർച്ച.
3422.40 പോയിന്റുമായി നെതർലൻഡ്സ് ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഹോക്കി ടീമായി തുടരുന്നു. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും അർജന്റീന മൂന്നാം സ്ഥാനത്തുമാണ്. ബെൽജിയം ജർമനി എന്നിവയാണ് ഇന്ത്യക്ക് മുകളിലുള്ള രണ്ട് ടീമുകൾ. 2608.77 പോയിന്റുമായി ബെൽജിയം നാലാം സ്ഥാനത്തും 2573.72 പോയിന്റുമായി ജർമനി അഞ്ചാം സ്ഥാനത്തുമാണ്.
ലോക റാങ്കിംഗിലെ കുതിപ്പ്, വരാനിരിക്കുന്ന എഫ്ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ഊർജം പകരുന്നതാണ്. ജനുവരി 13 മുതൽ 19 വരെ റാഞ്ചിയിലാണ് യോഗ്യതാ മത്സരങ്ങൾ. അടുത്ത വർഷത്തെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്നതിനായി ജർമ്മനി, ന്യൂസിലൻഡ്, ജപ്പാൻ, ചിലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവർക്കെതിരെ ഇന്ത്യ ഏറ്റുമുട്ടും.
Story Highlights: Indian Women’s Hockey Team Reclaims Best-Ever 6th Position In World Rankings
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]