ബെംഗളൂരു: കർണാടകയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് ഡി ബി ചന്ദ്ര ഗൗഡ (87) അന്തരിച്ചു. ഇന്ദിരാഗാന്ധിക്ക് മത്സരിക്കാന്‍ ചിക്കമംഗളുരു സീറ്റ് ഒഴിഞ്ഞു കൊടുത്ത നേതാവാണ് ചന്ദ്ര ഗൗഡ. പല തവണ ലോക്സഭയിലും രാജ്യസഭയിലും എംപി ആയിട്ടുള്ള ചന്ദ്ര ഗൗഡ കർണാടക നിയമസഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എസ് എം കൃഷ്ണ മന്ത്രിസഭയിൽ നിയമ മന്ത്രി ആയിരുന്നു അദ്ദേഹം.
മുദിഗെരെ താലൂക്കിലെ ദാരദഹള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലായി അഞ്ച് പതിറ്റാണ്ടിലേറെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അദ്ദേഹം. അഭിഭാഷകനായിരുന്ന ചന്ദ്ര ഗൗഡ 1971 ലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മന്ത്രി, ലോക്സഭ എം പി, രാജ്യസഭ എം പി, നിയമസഭാ സ്പീക്കര്‍ എന്നിങ്ങനെ വിവിധ പദവികളില്‍ എത്തി.
1971 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചന്ദ്രഗൗഡ ചിക്കമംഗളൂരുവിൽ നിന്നാണ് ആദ്യം ലോക്സഭയില്‍ എത്തിയത്. രണ്ടാം തവണ അംഗത്വം രാജിവച്ചു. ഇന്ദിരാഗാന്ധിക്ക് മത്സരിക്കാനായിട്ടാണ് രാജിവെച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ല്‍ ഇന്ദിരാഗാന്ധി അങ്ങനെ പാര്‍ലമെന്റില്‍ തിരിച്ചെത്തുകയും ചെയ്തു.
പിന്നീട് ചന്ദ്ര ഗൗഡ ലെജിസ്ലേറ്റീവ് കൗൺസിലിലെത്തി കർണാടകയിലെ ദേവരാജ് ഉർസ് മന്ത്രിസഭയിൽ അംഗമായി. തീർത്ഥഹള്ളിയിൽ നിന്നും (1983, 1989) ശൃംഗേരിയിൽ നിന്നും (1999) നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എസ് എം കൃഷ്ണയുടെ സര്‍ക്കാരില്‍ നിയമ, പാർലമെന്ററി കാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
1986 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനതാ പാര്‍ട്ടി എംപിയായിരുന്നു ചന്ദ്ര ഗൗഡ. 2009 ല്‍ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് പാർലമെന്റില്‍ എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിയായാണ്. 2014 മുതല്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമായിരുന്നില്ല. പൂര്‍ണിമയാണ് ഭാര്യ. നാല് മക്കളുണ്ട്.
ചന്ദ്രഗൗഡയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ ഇന്ന് ദാരദഹള്ളിയില്‍ എത്തും. ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും ഇടയിൽ മുടിഗെരെയിലെ ആഡ്യന്ത്യാന രംഗമന്ദിരത്തിൽ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച ദാരദഹള്ളിയിലെ കുടുംബ എസ്റ്റേറ്റായ പൂർണചന്ദ്രയിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 7, 2023, 12:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]