അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിയാന്‍ പരാഗിനെ ഉള്‍പ്പെടുത്തിയേക്കും. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പുറത്തെടുത്ത പ്രകടനം പരിഗണിച്ചാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുക. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ചുറികള്‍ നേടാന്‍ പരാഗിനായിരുന്നു. ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡാണിത്. മാത്രമല്ല, പന്തുകൊണ്ടും താരം മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നവംബര്‍ 23നാണ് തുടങ്ങുന്നത്.
10 മത്സരങ്ങളില്‍ 510 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. 85.00 ശരാശരിയിലാണ് നേട്ടം. 182.79 സ്ട്രൈക്ക് റേറ്റിലാണ് അസമില്‍ നിന്നുള്ള യുവതാരം ഇത്രയും റണ്‍സ് നേടിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനും പരാഗ് തന്നെ. അസമിനെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. മുഷ്താഖ് അലില് 11 വിക്കറ്റാണ് താരം വീഴ്ത്തിയത്. 5.84 എക്കണോമി റേറ്റിലാണ് നേട്ടം. ഉത്തര്‍ പ്രദേശിന് വേണ്ടി കളിക്കുന്ന താരം കര്‍ണാടകയ്ക്കെതിരെ 16 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത. അതുകൊണ്ടുതന്നെ മലയാളി താരം സഞ്ജു സാംസണേയും ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്യു വെയ്ഡാണ് ടീമിനെ നയിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന എട്ട് താരങ്ങള്‍ ടീമിലുണ്ട്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള് റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍ വെടിക്കെട്ട് ബാറ്റര്‍ ട്രാവിസ് ഹെഡ് എന്നിവര്‍ ടീമിലുണ്ട്. സീന്‍ അബോട്ട്, മാത്യു ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്സണ്, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, സീന്‍ അബോട്ട്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെന്‍സര്‍ ജോണ്സണ്, ഗ്ലെന്‍ മാക്സ്വെല്, തന്‍വീര്‍ സംഘ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]