
ദില്ലി: യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെയും, എച്ച് ആര് മേധാവിയുടെയും അറസ്റ്റിന്റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ദില്ലി പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതിനിടെ, 2019ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ഗൂഢാലോചന നടത്തിയെന്നതടക്കം എഫ്ഐഐറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.
115 കോടി രൂപയുടെ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്നതടക്കം ഇഡി ഉന്നയിച്ച ആരോപണങ്ങള്‍ അതേ പടി പകര്‍ത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും , എച്ച് ആര് മേധാവിയും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാര്‍ കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തെതന്നും കോടതിയെ അറിയിച്ചു. ആരോപണങ്ങളിന്മോല് മുന്‍പ് ചോദ്യം ചെയ്യാന്‍ പോലും പുര്‍കായസ്തയെ വിളിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
എഫ്എഐറിലും റിമാന്‍ഡ് അപേക്ഷയിലുമുള്ള കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും, മറുപടി തിങ്കളാഴ്ച നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ദില്ലി പോലീസിനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. കേസ് ഡയറി ഹാജരാക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്കി. തുടര്‍ന്ന് തിങ്കളാഴ്ച ആദ്യ ഇനമായി കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
അതേസമയം, പീപ്പിള്‍സ് അലയെന്‍സ് ഫോര്‍ ഡെമോക്രമസി ആന്റ് സെക്കുലറിസം എന്ന സംഘടനയുമായി ചേര്‍ന്ന് പുര്‍കായസ്ത തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ദില്ലി പോലീസിന്റെ എഫ്ഐആറിലെ മറ്റൊരാരോപണം.സര്‍ക്കാരിന്റെ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും ചൈനീസ് അജണ്ടയുടെ ഭാഗമായി മോശമായി ചിത്രീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തെറ്റായ റിപ്പോര്‍ട്ടുകളിലൂടെ തുരങ്കം വച്ചു. വിദേശ ഫണ്ട് ഉപയോഗിച്ച് കര്‍ഷക സമരത്തെ പിന്തുണച്ച് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്. ന്യൂസ് ക്ലിക്കിന്റെ ഓഹരി ഉടമ കൂടിയായ ഗൗതം നവ് ലാഖയ്ക്ക് പാക് ചാര സംഘടനയുടെ ഏജന്റ് ഗുലാം നബി ഫായിയുമായി അടുത്ത ബന്ധമുണ്ടെന്നും എഫ്ഐആര്‍ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]