
ദിസ്പൂര്‍ – ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ അവന് ജീവനോടെ മണ്ണിനടിയിലായേനെ. ഒന്ന് കരയാന്‍ തോന്നിയതുകൊണ്ടാണ് അവന് ജീവന് തിരിച്ചു കിട്ടിയത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അസമിലെ സില്‍ചറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഗര്‍ഭത്തിന്റെ ആറാം മാസത്തിലാണ് രത്തന്‍ദാസ് എന്നയാളുടെ ഭാര്യയെ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നും അമ്മയെയോ കുഞ്ഞിനെയോ ആരെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് യുവതി ആണ് കുഞ്ഞിന് ജന്മം നല്കി. അത് ചാപിള്ളയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ശ്മശാനത്തില്‍ കൊണ്ടു പോയി സംസ്കരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി രത്തന്‍ ദാസ് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ ‘മൃതദേഹം’ ആശുപത്രി അധികൃതര്‍ പാക്കറ്റിലാക്കി നല്കി. ഇതുമെടുത്ത് സില്ചാര് ശ്മശാനത്തില്‍ എത്തി അന്ത്യകര്‍മങ്ങള്‍ക്കായി പാക്കറ്റ് തുറന്നപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു. ആ നിമിഷം തങ്ങള്‍ അവനെയും എടുത്ത് ആശുപത്രിയിലേക്ക് ഓടുകയാണുണ്ടായതെന്നും കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണെന്നും രത്തന്‍ദാസ് പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ സില്‍ച്ചാറിലെ മാലിനിബില്‍ പ്രദേശത്തെ ഒരു സംഘം ആളുകള്‍ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചു. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
