ഫൈനൽ വരെ എത്തുമെന്ന പ്രതീക്ഷയോടെ വീട്ടിലേക്ക് കയറിയ മത്സരാർത്ഥി, ഈ സീസണിൽ ഏറ്റവും കൂടുതൽ താരപരിവേഷമുണ്ടായിരുന്ന മത്സരാർത്ഥി, എല്ലാ വിഷയത്തിലും ഇടപെടാനും അഭിപ്രായം പറയാനും മടി കാണിക്കാത്ത, നല്ല സ്ക്രീൻ സ്പേസ് എടുക്കാൻ കഴിഞ്ഞിരുന്ന മത്സരാർത്ഥി. പക്ഷേ ബിഗ് ബോസ് മലയാളം സീസൺ 7 ഒരു മാസം പിന്നിടുമ്പോൾ അയാളും വീടിന് പുറത്തേക്ക് പോയിരിക്കുകയാണ്, അപ്പാനി ശരത്.
വീട്ടിലുള്ളവരെ സംബന്ധിച്ച് അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന എവിക്ഷൻ. ടോപ് 5 ൽ വീട്ടിലെ ഭൂരിഭാഗം ആളുകളും ഉൾപ്പെടുത്തിയിരുന്ന ശരത്തിന് എവിടെയാണ് കാലിടറിയത്? വീട്ടിൽ വന്ന ആദ്യ ദിവസം തന്നെ ഗ്രൂപ്പുണ്ടാക്കിയ ആളാണ് ശരത്.
അക്ബർ ഖാൻ, അപ്പാനി ശരത്, ആര്യൻ എന്നിവർ ഉൾപ്പെടുന്ന ഈ മൂവർ സംഘത്തിലേക്ക് പല ഘട്ടങ്ങളിലായി ആളുകൾ വരികയും പോവുകയും ചെയ്തിരുന്നു. വൈൽഡ് കാർഡുകൾ വരുന്നതുവരെ വളരെ സ്ട്രോങ്ങ് ആയ മത്സരാർത്ഥിയാണ് താൻ എന്ന് മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കാനും ശരത്തിന് കഴിഞ്ഞിട്ടുണ്ട്.
ശരത്തിന്റെ ലൗഡും മസ്ക്കുലിനും ആയ പെരുമാറ്റമാണ് വീട്ടിൽ അയാൾക്കൊരു ഡോമിനൻസി നൽകിയതെങ്കിൽ അതുതന്നെയാണ് പ്രേക്ഷകരിൽ വലിയൊരു വിഭാഗത്തിന് ശരത്തിനോട് താൽപര്യക്കുറവ് തോന്നാനും ഇടയാക്കിയത്. ഉച്ചത്തിൽ സംസാരിക്കുക, ആണത്തം പ്രകടിപ്പിക്കുക, ദുർബലർ എന്ന് തോന്നുന്നവരുമായി കൊമ്പുകോർക്കുക, വളരെ മോശം ഭാഷയിൽ സംസാരിക്കുക എന്നതെല്ലാമായിരുന്നു ശരത്തിന്റെ പ്രധാന തുറുപ്പുചീട്ടുകൾ.
താനൊരു വലിയ ആർട്ടിസ്റ്റ് ആണെന്നും മറ്റുള്ള പലരെയുംകാൾ ഒരുപാട് മുകളിലാണ് തന്റെ സ്ഥാനമെന്നും മനസ്സിൽ ഉറപ്പിച്ചാണ് ശരത് ഗെയിമിൽ ഉടനീളം പെരുമാറിയത്. ഈ ഓവർകോൺഫിഡൻസ് തന്നെയാണ് അയാൾക്ക് വിനയായതും.
അക്ബറുമായി ചേർന്ന് ആദ്യ ആഴ്ചയിൽ ശരത് ലക്ഷ്യമിട്ടത് അനീഷിനെ ആയിരുന്നു. അനീഷിനെ മാത്രം ഫോക്കസ് ചെയ്താണ് ശരത് ആദ്യ ആഴ്ച ഗെയിം കളിച്ചത്.
എന്നാൽ രണ്ടാം ആഴ്ചയോടെ അത് അനുമോളിലേക്ക് ഷിഫ്റ്റ് ആയി. കൂടുതൽ ക്യാമറ സ്പേസ് ആരാണോ എടുക്കാൻ ശ്രമിക്കുന്നത് അവരെ ലക്ഷ്യമിട്ടായിരുന്നു ശരത്തിന്റെ ഗെയിം.
പക്ഷേ പല കാര്യങ്ങളും പ്ലാൻ ചെയ്യുന്നതിൽ ശരത്തിന് വലിയ വീഴ്ച സംഭവിച്ചു. രണ്ടാം ആഴ്ചയിൽ പുറത്തായ ബിൻസിയുമായി ബന്ധപ്പെട്ടാണ് ശരത്തിന് നേരെ ആദ്യത്തെ ആരോപണം ഉയരുന്നത്.
ബിൻസിയുടെ പുറത്താവലിന് കാരണം ശരത്താണ് എന്ന് അനുമോൾ ആരോപിച്ചതും അതിനുപിന്നാലെ ഉണ്ടായ പ്രശ്നങ്ങളും പ്രേക്ഷകർക്കിടയിൽ ശരത്തിനോടുള്ള താല്പര്യം കുറയ്ക്കുകയും അനുമോൾക്ക് ഒരു ഫാൻ ബേസ് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അനുവിനോട് തട്ടിക്കയറിയ ശരത് പക്ഷേ ഇതേ കാര്യം ഉന്നയിച്ച ഷാനവാസിനെ തീർത്തും വ്യത്യസ്തമായ മറ്റൊരു രീതിയിലാണ് നേരിട്ടത്.
എല്ലാ വിഷയങ്ങളിലും അക്ബറുമായി ചേർന്ന് മാത്രമാണ് ശരത് കാര്യങ്ങൾ തീരുമാനിച്ചതും ചർച്ച നടത്തിയതും. ബിന്നി, കലാഭവൻ സരിഗ, റെന അടക്കം പലരും പല ഘട്ടങ്ങളിലായി ഈ ഗ്രൂപ്പിന്റെ ഭാഗമായി മാറി.
എന്നാൽ ഗ്രൂപ്പിനപ്പുറത്തേക്ക് തന്റെ പൊട്ടൻഷ്യൽ വെളിവാക്കാൻ അപ്പാനിക്ക് കഴിഞ്ഞിട്ടില്ലെന്നുതന്നെ പറയേണ്ടിവരും. ശരത്തിന് ഏറ്റവും കൂടുതൽ നെഗറ്റീവ് ആയി മാറിയത് അനുമോളോടുള്ള സമീപനവും പിന്തുടർന്നുള്ള ബുള്ളിയിങ്ങും ആണ്.
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബുള്ളി ഗ്യാങ് എന്ന് ഒരു സംഘത്തെ പ്രേക്ഷകർ വിളിക്കുന്നതുപോലും. സത്യത്തിൽ അനുമോളുടെ ബിഗ് ബോസ് ഗ്രാഫിലെ ഉയർച്ചയിൽ ഏറ്റവും പങ്കുള്ള ആൾ അപ്പാനി ശരത് ആണ്.
കാണുന്നവർക്ക് പോലും വലിയ ഇറിറ്റേഷൻ ഉണ്ടാക്കുന്ന തരത്തിലാണ് അപ്പാനി, ആര്യൻ, റെന, അക്ബർ എന്നിവർ അനുമോളെ പിന്തുടർന്നത്. അനുമോൾക്ക് തങ്ങളായിട്ട് സ്പേസ് നൽകരുതെന്ന് ഈ സംഘം പിന്നീട് തീരുമാനിച്ചശേഷം പോലും ശരത്തിന് അതിനുകഴിഞ്ഞിട്ടില്ല.
വൈൽഡ് കാർഡുകളുടെ വരവോടെയാണ് താൻ പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല പുറത്ത് നടക്കുന്നതെന്ന് ശരത് തിരിച്ചറിഞ്ഞത്. എന്നാൽ അതിനെയും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ശരത്തിന് സാധിച്ചില്ല.
നാവ് പലപ്പോഴും ശരത്തിനെ ചതിക്കുന്ന കാഴ്ചയാണ് വീട്ടിലുള്ളവരും ബിബി പ്രേക്ഷകരും കണ്ടത്. വൈൽഡ് കാർഡിലെത്തിയ മസ്താനിയുമായി ശരത് പലവട്ടം കൊമ്പുകോർത്തു.
എന്നാൽ പുറത്തെ കാര്യങ്ങൾ തനിക്ക് അനുകൂലമല്ല എന്ന മനസിലാക്കലിൽ ശരത് പതറുകയും പിന്നിലേക്ക് വലിയുകയുമാണുണ്ടായത്. ഇനി മസ്താനിയുടെ മുന്നിൽ ചെന്നുപെടണ്ട
എന്നാണ് ശരത് അവസാന ദിവസങ്ങളിൽ ആര്യനോട് പറഞ്ഞത്. വളരെ ഇമേജ് കോൺഷ്യസ് ആയി ഗെയിം കളിയ്ക്കാൻ ശ്രമിച്ച ശരത്തിന് താൻ എന്താണ് ചെയ്യുന്നത് എന്നതിൽ അത്രയൊന്നും ധാരണയോ വ്യക്തതയോ ഉണ്ടായിരുന്നില്ല എന്നും തോന്നിയിട്ടുണ്ട്.
അക്ബറുമായുള്ള കൂട്ടുകെട്ടിൽനിന്ന് പുറത്തുകടക്കണമെന്ന് ശരത്തിന് തോന്നിത്തുടങ്ങിയത് ദിവസങ്ങൾക്കുമുമ്പാണ്. എന്നാൽ ഇതിന്റെ ഭാഗമായി മറ്റുള്ളവരോട് അക്ബറിന്റെ കുറ്റങ്ങൾ പറയാൻ ശരത് ശ്രമിച്ചതും ഒരു പരിധിവരെ അയാൾക്ക് തിരിച്ചടിയുണ്ടാക്കുകയാണ് ചെയ്തത്.
റൂഡ് ആയ, റഫ് ആയ, അൽപ്പസ്വൽപ്പം തെറി വിളിക്കുന്ന ആണുങ്ങളെ ആളുകൾക്കിഷ്ടമാണ് എന്ന ധാരണ മാത്രമാണ് ഈ ഷോയിൽ ഉടനീളം അപ്പാനി ശരത്തിനെ മുന്നോട്ടുനടത്തിയത്. അതിൽത്തന്നെയാണ് അയാൾക്ക് ചുവട് പിഴച്ചതും.
ശരത് പുറത്താകുന്നത് ബിഗ് ബോസ് ഗെയ്മിനെ സംബന്ധിച്ച് നിർണ്ണായകമായ കാര്യമായിരിക്കും. വീട്ടിലെ പല മത്സരാർത്ഥികളുടെയും ട്രാക്കിനെ സ്വാധീനിക്കാൻ കഴിയുന്ന എവിക്ഷൻ കൂടിയാണിത്.
അക്ബർ-അപ്പാനി ഗ്രൂപ്പിന് വലിയ പ്രേക്ഷക പിന്തുണ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടുപോകുന്ന പലരും ഇനി ട്രാക്ക് മാറ്റാൻ നിർബന്ധിതരാകും. ഗ്രൂപ്പിൽനിന്ന് മാറി കളിക്കുന്ന അക്ബർ ഏത് രീതിയിലാകും ഇനി കളിക്കുക എന്നതും ചോദ്യമാണ്.
ശരത്തിന്റെ അഭാവത്തിൽ അനുമോൾ എങ്ങനെ സ്ക്രീൻ സ്പേസ് കണ്ടെത്തും എന്നതും കണ്ടുതന്നെ അറിയണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]