
അങ്കാറ: മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിസ്താര വിമാനം തുർക്കിയുടെ കിഴക്കൻ മേഖലയിൽ അടിയന്തിരമായി ഇറക്കി. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് വിമാനം വഴിതിരിച്ചു വിടേണ്ടി വന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നം എന്താണെന്ന് കമ്പനി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും ബോംബ് ഭീഷണിയെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബോയിങ് 787 വിമാനമാണ് മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താരയുടെ സർവീസിന് ഉപയോഗിക്കുന്നത്.
വിമാനത്തിലെ ടോയ്ലറ്റുുകളിലൊന്നിൽ നിന്ന് ജീവനക്കാർ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുകയായിരുന്നു എന്നാണ് വിവരം. യാത്രയ്ക്കിടെ വിമാനത്തിൽ ഒരു സുരക്ഷാ പ്രശ്നമുണ്ടായെന്നും ഇത് ജീവനക്കാരിൽ ഒരാളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കിഴക്കൻ തുർക്കിയിലെ എർസുറം വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു എന്നും കമ്പനി വക്താവ് അറിയിച്ചു. വൈകുന്നേരം 7.05ന് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷാ ഏജൻസികളെ വിവരം അറിയിച്ചു. അവരുടെ നിർബന്ധിത പരിശോധനകളുമായി തങ്ങൾ പൂർണമായി സഹകരിക്കുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും പ്രധാന്യം നൽകുന്നതെന്നും വിസ്താര വക്താവ് അറിയിച്ചു. മറ്റ് വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
മുംബൈയിൽ നിന്ന് പറന്നുയർന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് വിമാനം തുർക്കിയിൽ ഇറക്കിയത്. ഫ്രാങ്ക്ഫർട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു. തുർക്കിയിൽ വിമാനം ലാന്റ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് എർസുറം വിമാനത്താവളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]