ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ മധുര പൊലീസ് കേസെടുത്തു. അയോധ്യയിലെ ജഗദ്ഗുരു പരമഹംസ ആചാര്യയ്ക്ക് എതിരെയാണ് കേസ്. ഡിഎംകെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസിയുടെ പ്രകോപനപരമായ ആഹ്വാനം.
പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. അതേസമയം, സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്ക് 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി പ്രതികരിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ചെന്നൈയിൽ റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് വിവാദ പരാമർശമുന്നയിച്ചത്. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തിൽനിന്ന് തുടച്ചു നീക്കണമെന്നും ഉദയനിധി പറഞ്ഞു. ബിജെപി നേതാക്കളുൾപ്പെടെ നിരവധിപ്പേർ ഇതിൽ പ്രതിഷേധിച്ച് രംഗത്തു വന്നെങ്കിലും, പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും മാപ്പു പറയുന്ന പ്രശ്നമില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
Story Highlights: Ayodhya seer booked for issuing death threats to Udhayanidhi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]