വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന നിരന്തര ചോദ്യങ്ങളിൽ പൊറുതിമുട്ടി യുവാവ് അയൽവാസിയെ അടിച്ചുകൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം. 45 വയസുകാരനായ പർലിൻദുംഗൻ സിരേഗർ ആണ് അയൽവാസിയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനുമായ അസ്ഗിം ഇറിയാന്റോ എന്ന 60കാരനെ അടിച്ചുകൊന്നതെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിവാഹം കഴിക്കുന്നില്ലേ എന്നുള്ള നിരന്തര ചോദ്യങ്ങൾ കാരണം അയൽക്കാരനോട് യുവാവിന് കടുത്ത ദേഷ്യം തോന്നിയിരുന്നു. ഇതാണ് അന്ന് രാത്രി അക്രമത്തിൽ കലാശിച്ചത്. യുവാവ് ആക്രമിക്കാനൊരുങ്ങുന്നത് കണ്ടപ്പോൾ അയൽവാസി വീട്ടിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ യുവാവ് പിന്തുടർന്ന് തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് നിലത്തുവീണ ഇയാളെ യുവാവ് വീണ്ടും ക്രൂരമായി മർദിച്ചു. ഒടുവിൽ അയൽവാസികളായ മറ്റുള്ളവർ സ്ഥലത്തേക്ക് ഓടിയെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്.
പരിക്കേറ്റ അസ്ഗിം ഇറിയാന്റോയെ അതീവ ഗുരുതരാവസ്ഥയിൽ പ്രദേശത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിനെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. അസ്ഗിം ഇറിയാന്റോയെ അടിച്ചു കൊല്ലാൻ താൻ തീരുമാനിച്ചിരുന്നതായും താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയർത്തിയതാണ് ദേഷ്യത്തിന് കാരണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
അയൽക്കാർ തമ്മിൽ നേരത്തെ തന്നെ അത്ര സുഖകരമല്ലാത്ത ബന്ധമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴികൾ മറ്റൊരാളുടെ പറമ്പിൽ കേറുന്നതിന്റെ പേരിൽ വരെ ഇവർ പരസ്പരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]