
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ തടസമാണെന്ന് കരുതി കുഞ്ഞിനെ ഉപേക്ഷിച്ചു ; പ്രസവിച്ച ശേഷം കുളിമുറി കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങി; നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസില്‍ അമ്മ രേഷ്മ കുറ്റക്കാരിയെന്ന് കോടതി ; കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ ; കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയും സഹോദരിപുത്രിയും
സ്വന്തം ലേഖകൻ
കൊല്ലം: പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഈഴായ്ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25) കുറ്റക്കാരിയെന്ന് കോടതി.
കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എൻ.വിനോദാണ് രേഷ്മ കുറ്റക്കാരിയെന്ന് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ ശിക്ഷാവിധി ഇന്നാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പത്തുവർഷത്തോളം കഠിനതടവ് ലഭിക്കാവുന്നതാണ് നരഹത്യാകുറ്റം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രേഷ്മയെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. വിധി കേള്‍ക്കാൻ ബന്ധുക്കള്‍ എത്തിയിരുന്നു. പാരിപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന എ.അല്‍ജബാർ, ടി.സതികുമാർ, ഇൻസ്പെക്ടർമാരായ എൻ.അനീസ, എസ്.രൂപേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി.മുണ്ടയ്ക്കലും ഡി.ഷൈൻദേവും ഹാജരായി. വനിതാ സിവില്‍ പോലീസ് ഓഫീസർ മഞ്ചുഷ പ്രോസിക്യൂഷൻ സഹായിയായി.
2021 ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധികസമയം ആകാത്ത ആണ്‍കുഞ്ഞിനെയാണ് പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എൻ.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകള്‍ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭർത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയല്‍ക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന പ്രതിയുടെ ഭർത്താവ് വിഷ്ണു പിന്നീട് കോടതിയില്‍ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭർത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡി.എൻ.എ. ഫലം കോടതി അംഗീകരിക്കുകയായിരുന്നു.
രണ്ട് യുവതികളുടെ കുതന്ത്രം; പൊലിഞ്ഞത് മൂന്നു ജീവനുകള്‍
രേഷ്മയുടെ ഫേസ്ബുക്ക് പ്രണയമാണ് വലിയൊരു ദുരന്തത്തിന് വഴിയൊരുക്കിയത്. അനന്തു എന്ന പേരില്‍ രേഷ്മയ്ക്ക് ഒരു ഫേസ്ബുക്ക് കാമുകൻ ഉണ്ടായിരുന്നു. ഒരിക്കലും കാമുകനെ യുവതി നേരില്‍ കണ്ടിരുന്നില്ല. വിഷ്ണുവിനും രേഷ്മയ്ക്കും മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുഞ്ഞുകൂടി ഉണ്ടെങ്കില്‍ സ്വീകരിക്കാനാകില്ലെന്ന് ഫെയ്സ്ബുക്കിലൂടെ മാത്രം ചാറ്റ് നടത്തിയിരുന്ന കാമുകൻ പറഞ്ഞതിനാലാണ് വീണ്ടും ഗർഭിണിയായ വിവരവും പ്രസവിച്ചതും ആരെയും അറിയിക്കാതിരുന്നതെന്നാണ് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായത്.
2021 ജനുവരി നാലിന് രാത്രി ഒമ്ബതിന് വീടിനു പുറത്തെ കുളിമുറിയില്‍ പ്രസവിച്ച രേഷ്മ കുഞ്ഞിനെ സമീപത്തെ റബർ തോട്ടത്തില്‍ കരിയിലകള്‍ കൂട്ടിയിടുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കുളിമുറി കഴുകി വൃത്തിയാക്കി ഭർത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു.
കുഞ്ഞിനെ ഉപേക്ഷിച്ചശേഷവും നാട്ടുകാരോടും പോലീസുകാരോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടല്‍. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സ്ത്രീകളുടെയും രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെയും രക്തസാമ്ബിള്‍ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.
ഫെയ്സ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനൊപ്പം ജീവിക്കാനായിരുന്നു നവജാത ശിശുവിനെ വൃത്തിഹീനവും അപകടകരവുമായ സ്ഥലത്ത് രേഷ്മ ഉപേക്ഷിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഫെയ്സ്ബുക്കിലൂടെ കാമുകൻ എന്ന വ്യാജേന ചാറ്റുചെയ്തിരുന്നത് രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനെ തുടർന്ന് പോലീസ് ആര്യയെയും ഗ്രീഷ്മയെയും കണ്ടെത്തുമെന്ന ഘട്ടംവന്നപ്പോള് രണ്ടുപേരും ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യചെയ്തതും നാടിനെ നടുക്കിയ സംഭവമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]