റോഡരികിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും നേരിട്ട 23 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.
നോർത്ത് ഗോവയിലെ മാപുസ സ്വദേശിയായ സാമുവൽ ഡി ബ്രഗൻസയാണ് മരണപ്പെട്ടത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ഇദ്ദേഹം മാതാവിനും രണ്ട് സഹോദരിമാർക്കുമൊപ്പമായിരുന്നു താമസം.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നോർത്ത് ഗോവയിലെ റോഡുവക്കിൽ യുവാവ് മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനെത്തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു.
ഈ വിഷയത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരായ സാമുവൽ നിയമനടപടികളുമായി സഹകരിച്ചിരുന്നു.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ഉണ്ടായ ട്രോളുകളും പ്രചാരണങ്ങളും യുവാവിനെ വലിയ രീതിയിൽ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. തുടർന്ന്, വീട്ടിലുണ്ടായിരുന്ന തോക്കുപയോഗിച്ച് യുവാവ് സ്വയം വെടിയുതിർക്കുകയായിരുന്നു.
വെടിയൊച്ച കേട്ടെത്തിയ വീട്ടുകാർ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങൾ യുവാവിനെ കടുത്ത മനോവിഷമത്തിലാക്കിയിരുന്നുവെന്ന് കുടുംബം പോലീസിന് നൽകിയ മൊഴിയിൽ ആവർത്തിച്ചു.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

