
കിറ്റെക്സിനെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ടെക്സ്റ്റൈൽ മന്ത്രി; ചന്ദ്രബാബു നായിഡുവുമായി ഉടൻ കൂടിക്കാഴ്ചയെന്ന് സാബു.എം.ജേക്കബ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ആന്ധ്രപ്രദേശിലേക്ക് നിക്ഷേപം നടത്തണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എംഡി . ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരം കേരളത്തിൽ എത്തിയ സംസ്ഥാന ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ്.സവിതയാണ് കിറ്റെക്സിനെ ഔദ്യോഗികമായി ആന്ധ്രയിലേക്ക് ക്ഷണിച്ചത്. കിഴക്കമ്പലത്ത് എത്തി കമ്പനി സന്ദർശിച്ച ടെക്സ്റ്റൈൽ മന്ത്രി ആന്ധ്രയിൽ നിക്ഷേപം നടത്താൻ എല്ലാ സൗകര്യങ്ങളും ഉറപ്പ് നൽകിയിട്ടുണ്ട്.
ആന്ധ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച സാബു.എം.ജേക്കബ് ഉടൻ തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. ‘‘2021ൽ കേരളത്തിലെ ഇടതു സർക്കാരിന്റെ ഉപദ്രവത്തെ തുടർന്ന് കമ്പനി നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് തെലങ്കാനയിലേക്ക് ക്ഷണം കിട്ടി പോയത്. 3500 കോടി രൂപയാണ് തെലങ്കാനയിൽ ഇൻവെസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് വ്യാവസായിക രംഗത്ത് വലിയ അവസരമാണ് ഉള്ളത്. ലോകത്തെ ട്രേഡ് സംവിധാനം തന്നെ മാറിക്കൊണ്ടിരിക്കുന്നു. ആന്ധ്രമുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചർച്ച നടത്തും. കേരളത്തിൽ തുടർ നിക്ഷേപം നടത്താൻ താത്പര്യമില്ല’’ – സാബു.എം.ജേക്കബ് പറഞ്ഞു.
തെലങ്കാനയിലെ പോലെ ആന്ധ്രയിലും വ്യവസായത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. വ്യവസായ മേഖല വളർത്തിയെടുക്കാനുള്ള ആന്ധ്രസർക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ക്ഷണം ലഭിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ പിന്നിലുള്ള ആന്ധ്രയെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ചിൽഡ്രൻസ് ക്ലോത്തിങ് നിർമാതാക്കളായ കിറ്റെക്സ് ഗാർമെന്റ്സിനെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെസിആർ 2021ൽ ചാർട്ടേർഡ് ഫ്ലൈറ്റ് അയച്ചാണ് അന്ന് സാബു.എം.ജേക്കബിനെ ഹൈദരാബാദിലെത്തിച്ചതും ചർച്ചകൾ നടത്തിയതും.
ഇതേത്തുടർന്ന് പിന്നീട് ഹൈദരാബാദ്, വാറംഗൽ എന്നിവിടങ്ങളിൽ കിറ്റെക്സ് ലാർജ് സ്കെയിൽ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് യൂണിറ്റുകൾ ആരംഭിച്ചു. ഇതിൽ വാറംഗൽ പ്ലാന്റ് ഇതുവരെ 15,000 ആളുകൾക്കാണ് തൊഴിൽ നൽകിയത്. ഹൈദരാബാദ് പ്ലാന്റിന്റെ നിർമാണം നടക്കുകയാണ്. ഇവിടെ മാത്രം 50,000 ആളുകൾക്ക് തൊഴിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതി നിയന്ത്രണം, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയവ കിറ്റെക്സിന് സാധ്യതകൾ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.