
<p><strong>ദില്ലി: </strong>ജമ്മു കാശ്മീരിന്റെ വികസനം മുടക്കാൻ വരുന്നവർ ആദ്യം തന്നെ നേരിടണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ എല്ലാക്കാലത്തും പാകിസ്ഥാന് നഷ്ടങ്ങളുടെ ഓർമ്മകൾ നല്കുമെന്നും ചിനാബ് പാലമടക്കം ജമ്മു കാശ്മീരിലെ സുപ്രധാന റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. കത്ര – ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്തു.</p><p>പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ജമ്മു കാശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിന് വികസനത്തിലൂടെയാണ് ഇന്ത്യയുടെ മറുപടിയെന്ന സന്ദേശമാണ് നൽകിയത്. ഒപ്പം ഭീകരവാദികളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് രൂക്ഷ വിമർശനവും പരിഹാസവും. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ആർച്ച് പാലമായ ചിനാബ് പാലവും, ആദ്യത്തെ കേബിൾ കണക്ട് അഞ്ചി റെയിൽ പാലവും മോദി ഉദ്ഘാടനം ചെയ്തു. ദേശീയ പതാക വീശി മോദി ഈ പാലങ്ങളിലൂടെ നടന്നു. ഉദ്ദംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിവേ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് രണ്ട് പാലങ്ങളും. കത്ര – ശ്രീനഗർ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്തു.</p><p>1.3 കിമീ നീളമുള്ള ചിനാബ് പാലം നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ്. ഈഫൽടവറിനേക്കാൾ 35 മീറ്റർ ഉയരം വരുമിത്. 725.5 മീറ്റർ നീളമുള്ള അഞ്ജി പാലം 96 കേബിളുകളുപയോഗിച്ച് 11 മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജമ്മു കാശ്മീരിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ കോച്ചുകളിൽ പ്രത്യേകം സൗകര്യങ്ങളും, എല്ലാ കാലവസ്ഥയിലും ഓടാൻ സാധിക്കുന്നതുമാണ് വന്ദേ ഭാരത് ട്രെയിനുകൾ. റോഡ് മാർഗം 6 മണിക്കൂറെടുക്കുന്ന കത്ര – ശ്രീനഗർ യാത്ര വന്ദേഭാരത് ട്രെയിനിൽ മൂന്ന് മണിക്കൂറായി ചുരുങ്ങും. പൂഞ്ചിൽ വീടുകൾ തകർന്നവർക്ക് രണ്ടു ലക്ഷം വരെയുള്ള അധിക ധനസഹായവും മോദി ഇന്ന് പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ നരേന്ദ്ര മോദി ട്രംപിനു കീഴടങ്ങി എന്ന് ഇന്നും രാഹുൽ ഗാന്ധി ആവർത്തിച്ചപ്പോഴാണ് സേനകളുടെ വിജയം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി ഇതിനു മറുപടി നല്കാനുള്ള ശ്രമം കൂടി ജമ്മുകശ്മീരിൽ നടത്തിയത്.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]