
ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ വ്ലോഗിംഗ് ഒരു പ്രൊഫഷനായി മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് ആളുകളുണ്ട്. ഇത്തരം വ്ലോഗർമാരിൽ ഒരു കൂട്ടർ ചാനൽ റീച്ചിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ്. സമീപകാലത്തായി ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സാമൂഹിക പ്രതിബദ്ധതയോട് കൂടി തന്നെ വ്ലോഗിംഗ് നടത്തുന്നവരുമുണ്ട്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ആളുകളോട് അപമര്യാദയായി പെരുമാറിയതിന് ഒരു അൾജീരിയൻ വ്ലോഗർക്ക് രണ്ട് മാസത്തെ തടവുശിക്ഷയാണ് ലഭിച്ചത്. വഴിയിൽ കാണുന്ന ആളുകളെ അവരുടെ അനുവാദം ഇല്ലാതെ കെട്ടിപ്പിടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തതും ശിക്ഷിച്ചതും.
മുഹമ്മദ് റംസി എന്ന അൾജീരിയൻ വ്ലോഗറാണ് ആലിംഗനത്തിൽ കുടുങ്ങി തടവിലായത്. തെരുവിൽ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങൾക്ക് പ്രശസ്തനായ ഒരു ജനപ്രിയ യൂറോപ്യൻ വ്ലോഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വീഡിയോ ചിത്രീകരിക്കാൻ നടത്തിയ ശ്രമമാണ് ഒടുവിൽ ഇയാളെ അഴിക്കുള്ളിൽ ആക്കിയത്. വലിയ വിമർശനമാണ് റാംസിയുടെ യൂട്യൂബ് വീഡിയോക്കെതിരെ അൾജീരിയയിൽ ഉയർന്നത്. ആളുകൾ ഇയാളുടെ പ്രവർത്തിയെ പുച്ഛിക്കുകയും രോഷാകുലരാവുകയും ചെയ്തു. ഒടുവിൽ, ഇയാൾ ക്ഷമാപണവുമായി എത്തിയെങ്കിലും ആളുകളുടെ രോക്ഷപ്രകടനത്തിന് യാതൊരു കുറവും ഉണ്ടായില്ല.
തന്റെ വീഡിയോകളിലൂടെ സമാധാനവും സ്നേഹവും പ്രചരിപ്പിക്കാനാണ് താൻ ഉദ്ദേശിച്ചതെന്ന് റംസി ക്ഷമാപണം നടത്തിയെങ്കിലും അതിനും വലിയ വിമർശനമാണ് ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തുടർന്ന് കോടതി ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊതുസമൂഹത്തിൽ അപമര്യാദയായി പെരുമാറിയെന്നാണ് പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ ആരോപിച്ചത്. ഒടുവിൽ ഇയാൾക്ക് രണ്ടുമാസത്തെ ജയിൽ ശിക്ഷയും അമ്പത് ലക്ഷം ദിനാർ (30,94,000 രൂപ) പിഴയും കോടതി വിധിക്കുകയായിരുന്നു.
Last Updated Jun 6, 2024, 3:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]