
അയൽക്കാരന്റെ വീട്ടിൽ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നത് തൻ്റെ വീട്ടിൽ ദുർഗന്ധത്തിന് കാരണമാകുന്നു എന്ന് ഫ്ലോറിഡയിൽ നിന്നുള്ള സ്ത്രീയുടെ ആരോപണം. താൻ പുതിയതായി വാങ്ങിയ അപ്പാർട്ട്മെൻറിൽ തുടർച്ചയായി ദുർഗന്ധം അനുഭവപ്പെടുന്നതിന് കാരണം അയൽക്കാരന്റെ വീട്ടിൽ ഇന്ത്യൻ ഭക്ഷണം പാചകം ചെയ്യുന്നത് ആണെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പറയുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി അറിയപ്പെടുന്ന എറിക്ക ബി എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു പരാതി ഉന്നയിച്ചത്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ തന്നെ സഹായിക്കണമെന്നും ഇവർ തൻറെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റിൽ എറിക്ക വ്യക്തമാക്കുന്നത് അടുത്തിടെയാണ് താൻ ഫ്ലോറിഡയിലെ ടാമ്പയിലുള്ള പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത് എന്നാണ്. എന്നാൽ, അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾ ചെലവഴിച്ചതിനു ശേഷം തന്നെ അസുഖകരമായ ഒരു ഗന്ധം തനിക്ക് അനുഭവപ്പെട്ടു തുടങ്ങിയെന്നും എയർ പ്യൂരിഫയർ ഉപയോഗിച്ചിട്ട് പോലും അതിൽ നിന്നും രക്ഷപെടാൻ ആയില്ല എന്നുമാണ് അവർ പറയുന്നത്.
ഒടുവിൽ താൻ നടത്തിയ അന്വേഷണത്തിൽ അയൽക്കാരന്റെ അടുക്കളയിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു മണം വരുന്നത് എന്ന് താൻ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. അയൽക്കാരൻ തുടർച്ചയായി ഇന്ത്യൻ ഭക്ഷണം പാചകം ചെയ്യുന്നതാണ് ഈ ദുർഗന്ധത്തിന് കാരണമെന്നും ഇവർ ആരോപിക്കുന്നു. അസുഖകരമായ ഈ ഗന്ധം വീടിനുള്ളിലേക്ക് അടിച്ചു കയറുന്നതിനാൽ തനിക്ക് വീടിൻറെ ജനലുകളും വാതിലുകളും തുറന്നിടാൻ പറ്റാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു.
പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നിരവധിപേർ അഭിപ്രായ പ്രകടനങ്ങൾ നടത്തി. ‘ദുർഗന്ധം വമിക്കുന്നത് ഇന്ത്യൻ കറിയിൽ നിന്ന് ആകാൻ ഒരു സാധ്യതയുമില്ലെന്നും സമീപത്ത് എവിടെയെങ്കിലും എലിയോ മറ്റെന്തെങ്കിലും ചത്തു കിടപ്പുണ്ടോ എന്ന് കണ്ടെത്തൂ’ എന്നുമായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. കൂടാതെ വീട് മുഴുവൻ വൃത്തിയാക്കാനും ചിലർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭക്ഷണത്തിനെതിരെ ഉയർത്തിയ ആരോപണം വിവാദമായതോടെ ‘എനിക്ക് ഇന്ത്യൻ ഭക്ഷണം വളരെ ഇഷ്ടമാണ്’ എന്ന് പറഞ്ഞുകൊണ്ട് എറിക്ക സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ നിരവധി സോഷ്യൽ മീഡിയ ഫോളോവേഴ്സ് അവർക്കെതിരെ വംശീയത ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]