
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. മഴ കരണം 19 ഓവറാക്കിചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു ഗുജറാത്ത് ജയിച്ചത്.
പവര്‍ പ്ലേയിൽ മോശം തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിലായിരുന്നു. ടൂര്‍ണമെന്റിൽ ഉടനീളം ഫോമിലായിരുന്ന സായ് സുദര്‍ശന്റെ (5) വിക്കറ്റാണ് ഗുജറാത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായത്. ഇതോടെ ക്രീസിലൊന്നിച്ച ജോസ് ബട്ലര് – ശുഭ്മാൻ ഗിൽ സഖ്യം കരുതലോടെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. പലപ്പോഴും വാങ്കഡെയിൽ ഭീഷണിയായി മഴയെത്തിയതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തിന് ആവശ്യമായ സ്കോറുകൾ സ്കോര്‍ ബോര്‍ഡിൽ മിന്നിമാഞ്ഞു. ഇന്നിംഗ്സിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 68ൽ എത്തി.
12-ാം ഓവറിൽ ബട്ലര് – ഗിൽ കൂട്ടുകെട്ട് മുംബൈ പൊളിച്ചു. ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് തിലക് വര്‍മ്മ പാഴാക്കിയെങ്കിലും വൈകാതെ തന്നെ ബട്ലറെ പുറത്താക്കി അശ്വനി കുമാര്‍ മുംബൈ ആരാധകരെ ആവേശത്തിലാക്കി. എന്നാൽ, ആവേശം അധികം നീണ്ടുനിൽക്കുന്നതായിരുന്നില്ല. മെല്ലെപ്പോക്ക് തുടരുകയായിരുന്ന ഗുജറാത്തിന്റെ ഇന്നിംഗ്സിനെ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷെര്‍ഫെയ്ൻ റൂഥര്‍ഫോര്‍ഡ് വേഗത്തിലാക്കി. വിൽ ജാക്സ് എറിഞ്ഞ 13-ാം ഓവറിന്റെ ആദ്യ പന്തുകളിൽ വിയര്‍ത്തെങ്കിലും അവസാന മൂന്ന് പന്തുകളിൽ 2 ബൗണ്ടറികളും ഒരു സിക്സറും പറത്തി റൂഥര്‍ഫോര്‍ഡ് ഗുജറാത്തിന് ആശ്വാസമേകി. തൊട്ടടുത്ത ഓവറിൽ അശ്വനി കുമാറിനെ അതിര്‍ത്തി കടത്തി വീണ്ടും റൂഥര്‍ഫോര്‍ഡ് അപകടകാരിയായി.
14 ഓവറുകൾ പൂര്‍ത്തിയായതോടെ മഴ കളി തടസപ്പെടുത്തി. ഈ സമയം ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തന് 99 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഗുജറാത്ത് 2ന് 107 റൺസ് എന്ന നിലയിലെത്തിയിരുന്നു. മത്സരം പുന:രാരംഭിച്ചതിന് പിന്നാലെ 43 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്ന ഗില്ലിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റൂഥര്‍ഫോര്‍ഡിനെ മടക്കിയയച്ച് ബോൾട്ട് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ഷാറൂഖ് ഖാന്റെ (6) കുറ്റി തെറിപ്പിച്ച് ബുമ്ര വീണ്ടും മുംബൈക്ക് മേൽക്കൈ നൽകി. റാഷിദ് ഖാനെ വിക്കറ്റിന് മുന്നിൽ കുരുക്കി അശ്വനി കുമാറും അവസരത്തിനൊത്ത് ഉയർന്നത്തോടെ ഗുജറാത്ത് പ്രതിരോധത്തിലായി. അവസാന 2 ഓവറിൽ ജയിക്കാൻ 24 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നാലെ വീണ്ടും രസംകൊല്ലിയായി മഴ എത്തി. ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്തിന് ആവശ്യമായ സ്കോർ 137.
അവസാനം 1 ഓവറിൽ 15 റൺസ് എന്ന ലക്ഷ്യമാണ് ഗുജറാത്തിന് മുന്നിൽ എത്തിയത്. അവസാന പന്തിൽ 1 റൺ വേണമെന്നിരിക്കെ റൺ ഔട്ടിനുള്ള അവസരം ഹാർദിക് പാണ്ട്യ പാഴാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]