
കഴിഞ്ഞ 10 വർഷത്തിനിടെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ദന്ത ഡോക്ടർ നടത്തിയത് നൂറിലധികം മോഷണം. ഓരോ തവണയും ഇയാൾ മോഷ്ടിച്ചത് ഒരേ വസ്തുവാണ്, ഉപയോഗിച്ച് ഉപേക്ഷിച്ച സിൽവർ ടീത്ത്. ജപ്പാനിലെ ഫുകുവോക്ക സിറ്റിയിലെ ക്യൂഷു യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് 38 -കാരനായ ദന്ത ഡോക്ടർ ഇവ മോഷ്ടിച്ചത്. ഒടുവിൽ മോഷണക്കേസിൽ ഇയാളെ പൊലീസ് പിടികൂടി.
ഫുകുവോക്ക പ്രിഫെക്ചറൽ പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം പത്ത് വർഷത്തിനിടെ ആശുപത്രിയിൽ നിന്ന് 100 -ലധികം തവണ ഇയാൾ ഉപയോഗിച്ച ഇത്തരം പല്ലുകളുടെ ഫില്ലിംഗ് മോഷ്ടിച്ചിട്ടുണ്ട്. ഇയാൾ തന്നെയാണ് ഇക്കാര്യം പൊലീസിന്റെ മുന്നിൽ സമ്മതിച്ചത്. അവ വിറ്റ് ഇതുവരെയായി ഏകദേശം 30 ദശലക്ഷം ഡോളർ (25 കോടിയിലധികം രൂപ) ഇയാൾ സമ്പാദിച്ചത്രെ. മറ്റ് രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ജപ്പാനിൽ പല്ലിലെ ഫില്ലിംഗിന് സ്വർണ്ണവും വെള്ളിയും പല്ലേഡിയവും ഉപയോഗിക്കുന്നുണ്ട്.
പ്രതി നേരത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ ജോലി ചെയ്തിരുന്നതിനാൽ തന്നെ തന്റെ ഐഡി കാർഡുമായി വളരെ എളുപ്പത്തിൽ ഇയാൾക്ക് ആശുപത്രിക്കകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിച്ചിരുന്നു.
ഉപയോഗശൂന്യമായ ഫില്ലിംഗുകളായതിനാൽ തന്നെ ഈ കവർച്ചകൾ ആശുപത്രി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, 2023 ഓഗസ്റ്റ് 13-ന് രാത്രി അതേ ആശുപത്രിയിൽ നിന്ന് ഏകദേശം 2.5 ഗ്രാം വരുന്ന ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സിൽവർ ടൂത്ത് മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് ഏപ്രിൽ 2 -ന് ഇയാളെ അറസ്റ്റ് ചെയ്തു.
ഡോക്ടർമാർ പറയുന്നത്, എവിടെ നിന്നാണോ ഈ സിൽവർ ടൂത്ത് നീക്കം ചെയ്യുന്നത് അവിടെത്തന്നെ രോഗികൾ അവ ഉപേക്ഷിക്കാറാണ് പതിവ് എന്നാണ്. അതേസമയം, ഈ ആശുപത്രികളും ക്ലിനിക്കുകളും അവ റീസൈക്കിൾ ചെയ്യുന്ന കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ, അതുവരെ അവ ശ്രദ്ധയോടെയൊന്നുമല്ല സൂക്ഷിക്കുന്നത്. അതിനാലായിരിക്കാം ഇയാൾക്ക് മോഷണം എളുപ്പമായത് എന്നാണ് കരുതുന്നത്.
Last Updated May 7, 2024, 4:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]