
കണ്ണൂർ: എക്സൈസിന് എതിരെ ആരോപണവുമായി ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിയിലായ യുവതി. കഴിഞ്ഞ ദിവസമാണ് കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ നിന്ന് രണ്ട് യുവതികളും യുവാക്കളും പിടിയിലായത്. ഇപ്പോഴിതാ, എക്സൈസ് കരുതിക്കൂട്ടി കുടുക്കിയതാണെന്ന് ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ റഫീന. മയക്കുമരുന്ന് മനപ്പൂർവം കൊണ്ടുവച്ചതാണെന്നും തനിക്കെതിരെ കേസില്ലെന്നുമാണ് വാദം. എന്നാൽ യുവതി പ്രതിയാണെന്നും ലഹരി ഉപയോഗിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കുന്നു.
കണ്ണൂരുകാരായ ഷംനാദ്, ജെംഷീൽ എന്നിവർക്കൊപ്പം റഫീന, ജെസീന എന്നീ യുവതികളെയും തളിപ്പറമ്പ് എക്സൈസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 490 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കുന്ന ട്യൂബുകളും മറ്റും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശി റഫീനയാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ എക്സൈസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നും എക്സൈസ് തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവർ തന്നെ മയക്കുമരുന്ന് കൊണ്ടുവച്ചതെന്നും യുവതിയുടെ ആക്ഷേപം.
എന്നാൽ വാദങ്ങളെല്ലാം എക്സൈസ് തള്ളുന്നു. തളിപ്പറമ്പ് എക്സൈസ് എടുത്ത എൻഡിപിഎസ് കേസിൽ മറ്റ് മൂന്ന് പേർക്കൊപ്പം പ്രതിയാണ് റഫീന. ലഹരി ഉപയോഗിച്ചെന്ന് യുവതി തന്നെ മൊഴി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടിയതെന്നും എക്സൈസ് വ്യക്തമാക്കുന്നു. പെരുന്നാൾ ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ മാർച്ച് 31ന് ഇറങ്ങിയത്. പിന്നീട് ലഹരി സംഘത്തിനൊപ്പം കണ്ണൂരിലും പറശ്ശിനിക്കടവിലും ലോഡ്ജുകളിൽ തങ്ങി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് എക്സൈസ് പറയുന്നു. പരസ്പരം ഫോണുകൾ കൈമാറി ബന്ധുക്കളെ കബളിപ്പിക്കുകയും ചെയ്തു. പിടിയിലായപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. ലഹരി സംഘത്തിലെ കൂടുതൽ പേർക്കായി എക്സൈസ് അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]