
കൊളംബോ: ഐപിഎല്‍ 2024 സീസണ് പുരോഗമിക്കുന്നതിനിടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി. പരിക്കിന്റെ പിടിയിലുള്ള ശ്രീലങ്കന്‍ ലെഗ് സ്റ്റാർ സ്പിന്നർ വാനിന്ദു ഹസരങ്ക ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ അറിയിച്ചതായി പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ലോട്ടറി എന്നോളമാണ് വാനിന്ദു ഹസരങ്കയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. നിലവിലെ ഏറ്റവും മികച്ച സ്പിന്നർമാരില്‍ ഒരാളായ ഹസരങ്കയ്ക്കായി അടിസ്ഥാന വിലയായ 1.50 കോടി രൂപ മാത്രമേ ഹൈദരാബാദ് ടീമിന് മുടക്കേണ്ടിവന്നുള്ളൂ. തൊട്ടുമുമ്പ് ടീമായ ആർസിബിയില്‍ ഹസരങ്ക എത്തിയത് 10.75 കോടി രൂപയ്ക്കായിരുന്നു. സീസണില്‍ പേരുകേട്ട വിദേശ ബൗളർമാർ കുറവായിട്ടും മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തകർത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് ഹസരങ്ക കൂടി എത്തിയാല്‍ ടീം വേറെ ലെവലാകും എന്നാണ് ആരാധകർ കരുതിയിരുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാത്രമായിരുന്നു ഇലവനിലുണ്ടായിരുന്ന വിദേശ ബൗളർ.
ഇടത്തേ കാല്‍ക്കുഴക്കേറ്റ പരിക്ക് മാറാന്‍ 26 വയസുകാരനായ വാനിന്ദു ഹസരങ്കയ്ക്ക് വിശ്രമം അനിവാര്യമാണ് എന്നാണ് ബിസിസിഐയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടറുടെ നിർദേശം അനുസരിച്ചാണ് താരം സജീവ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം ഐപിഎല്‍ ലേലത്തില്‍ ചെറിയ തുക മാത്രം കിട്ടിയതാണോ താരത്തിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. 26 ഐപിഎല്‍ മത്സരങ്ങളില്‍ 8.13 ഇക്കോണമിയില്‍ 35 വിക്കറ്റാണ് ഹസരങ്കയുടെ നേട്ടം.
Last Updated Apr 6, 2024, 5:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]