സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി മൂത്ത മകൻ വിജേഷും മരുമകൾ പത്മജയും. വിജയന്റെ ആത്മഹത്യാക്കുറിപ്പ് ഇന്നലെ പുറത്തുവിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഇവർ രംഗത്തെത്തിയത്. വിജയന്റെ മരണകാരണം കുടുംബപ്രശ്നമാണെന്ന് പറഞ്ഞുപരത്താൻ ശ്രമിച്ചതോടെയാണ് കത്ത് പുറത്തുവിട്ടതും പ്രതികരിക്കേണ്ടി വന്നതെന്നും ഇവർ വ്യക്തമാക്കി.
വിജേഷും പത്മജയും പറഞ്ഞത്:
കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചു. കത്ത് പുറത്തുവിട്ടില്ലെങ്കിൽ മരണത്തിന് ഉത്തരവാദികൾ ഞങ്ങളാണെന്ന് എല്ലാവരും കരുതും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വിഡി സതീശൻ, കെ സുധാകരൻ എന്നിവരെ ഈ കത്ത് കാണിക്കണമെന്നും എഴുതിയിട്ടുണ്ട്. ഐസി ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനെയും കത്ത് ആദ്യം കാണിച്ചു. സഞ്ചയനത്തിന്റെ പിറ്റേന്ന് സതീശനെയും അതിന്റെ പിറ്റേന്ന് സുധാകരനെയും കത്ത് വായിച്ച് കേൾപ്പിച്ചു.
കത്തിൽ വ്യക്തികളെ കുറിച്ചാണ് പറയുന്നതെന്നും വ്യക്തതയില്ലെന്നും സതീശൻ പറഞ്ഞു. നടപടി എടുക്കാമെന്ന് സുധാകരനും പറഞ്ഞു. പക്ഷേ, മരണം കുടുംബപ്രശ്നമാക്കി മാറ്റാനുള്ള നീക്കമാണ് പിന്നീട് നടന്നത്. ഇതോടെ വനിതാ സെല്ലിൽ പരാതി നൽകേണ്ടി വന്നു. ഐസി ബാലകൃഷ്ണനും ഡിപി രാജശേഖരനുമാണ് ദുഷ്പ്രചാരണത്തിന് പിന്നിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരണശേഷം നേതാക്കന്മാർ ആരും വീട്ടിൽ വന്നില്ല. പൊതുശ്മശാനത്തിൽ അടക്കണമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. പക്ഷേ, നേതാക്കൾ ഇടപെട്ട് ദഹിപ്പിച്ചു. പിന്നീട് വീട്ടിൽ വന്ന് ആളുകൾ പണം ചോദിക്കാൻ തുടങ്ങി. ഇതിൽ മൂന്ന് കടങ്ങൾ മാത്രം തിരിച്ച് നൽകണമെന്ന് അച്ഛൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് ചെറിയ തുകകളാണ്. പാർട്ടിക്ക് വേണ്ടിയാണ് അച്ഛൻ കടക്കാരനായത്. പാർട്ടിക്കാർ ആരും സഹായിക്കാൻ തയ്യാറായില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണ്.