തൃശൂർ: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ പി എസ് ജനീഷ് പിടിയിൽ. തൃശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഹെെക്കോടതി നിർദേശിച്ചിട്ടും ജനീഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. കേസിൽ മൂന്നാം പ്രതിയാണ് തൃശൂർ സ്വദേശിയായ ജനീഷ്.
ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഇന്നലെ സംഘാടകർക്കെതിരെ രൂക്ഷവിമർശനം ഹെെക്കോടതി നടത്തിയിരുന്നു. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിർത്തിവച്ചില്ലെന്നാണ് ഹെെക്കോടതി ചോദിച്ചത്.
മനുഷ്യത്വം എന്നൊന്നില്ലേ. ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേ? അരമണിക്കൂർ പരിപാടി നിർത്തിവച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു. ഉമ തോമസിന് പരിക്കേറ്റപ്പോൾ സംഘാടകർ കാണിച്ചത് ക്രൂരതയാണെന്നും കോടതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരാൾ വീണ് തലയ്ക്ക് പരിക്കേറ്റ് കിടക്കുമ്പോഴും പരിപാടി തുടർന്നു. ഉമ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമർശിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം. സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.