ഗർഭിണിയായ സ്ത്രീക്ക് അതീവശ്രദ്ധ ആവശ്യമാണ്. ഇതൊക്കെയാണെങ്കിലും, ഗർഭിണികൾ പ്രസവത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് സ്വന്തം രാജ്യത്തു നിന്നും വിദേശത്തേക്ക് ടൂറുപോകുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? സത്യത്തിൽ ഈ യാത്രയുടെ ഉദ്ദേശം വിനോദമല്ല, മറിച്ച് ബർത്ത്ടൂറിസത്തിലൂടെ അമേരിക്ക പോലുള്ള ഏതെങ്കിലും വികസിത രാജ്യത്തിന്റെ പൗരത്വം നേടുകയാണ് ഈ യാത്രയുടെ ഉദ്ദേശം. അതെന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? പൗരത്വം നേടാനുള്ള വിചിത്രമായ ഒരു വഴിയാണ് ഇത്. പൗരത്വം മാത്രം ലക്ഷ്യം വച്ച് പ്രസവിക്കുന്നതിനായി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനെയാണ് ബർത്ത് ടൂറിസം എന്ന് പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, വികസിത രാജ്യങ്ങളിൽ പൗരത്വം ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട് – ഒരു സ്വദേശിയെ വിവാഹം കഴിക്കുക, ദീർഘകാലം അവിടെ താമസിച്ചതിന് ശേഷം പൗരത്വം നേടുക, കൂടാതെ മറ്റു പലതും. എന്നാൽ ഇപ്പോൾ ബർത്ത് ടൂറിസം എന്ന മാർഗം വളരെ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുകയാണ്.
അമേരിക്ക, കാനഡ, അർജന്റീന എന്നിവയുൾപ്പെടെയുള്ള 31 രാജ്യങ്ങളിൽ, അവിടെ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിയ്ക്ക് ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കും. ഈ അവസരം മുതലാക്കി തങ്ങളുടെ കുട്ടികളെ ഏതെങ്കിലും സമ്പന്ന രാജ്യത്ത് ജന്മം നൽകി ആ രാജ്യത്തിന്റെ പൗരത്വം നേടിയെടുക്കുന്നതിനുള്ള മാതാപിതാക്കളുടെ ഒരു അറ്റകൈ പ്രയോഗമാണ് ഇത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രവണത തീവ്രമായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അമേരിക്കയെപ്പോലുള്ള ചില രാജ്യങ്ങൾ ഈ രീതിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് റഷ്യയിൽ നിന്നുള്ള ഗർഭിണികൾ അർജന്റീനയിലേക്ക് പലായനം ചെയ്യുന്നതിനിടെ പിടിയിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബ്യൂണസ് ഐറിസ് എയർപോർട്ടിൽ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബർത്ത് ടൂറിസത്തിന്റെ കാര്യം പുറത്തായത്. പ്രസവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ സ്ത്രീകൾ അർജന്റീനയിലേക്ക് പോകുകയായിരുന്നു. അമേരിക്കയിൽ പല കമ്പനികളും ഈ സാധ്യത മുതലെടുത്ത് ബർത്ത് ടൂറിസം ഏജൻസികളായി പ്രവർത്തിക്കുന്നുണ്ട്. ഹോട്ടൽ, മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പടെ നൽകുന്നതാണ് ഇവരുടെ പാക്കേജ് എന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനയും റഷ്യയും ഉൾപ്പടെ പല രാജ്യങ്ങളിൽ നിന്നും ഗർഭിണികൾ ഇതിനായി അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഈ പ്രവണത തടയുന്നതിനായി അമേരിക്കയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. ഇനി അമേരിക്കൻ ടൂറിസ്റ്റ് വിസയില് വരുന്ന ഗർഭിണികൾ കുഞ്ഞിന് ജന്മം നൽകുന്നതല്ലാതെ മറ്റെന്തെങ്കിലും കാരണത്താലാണ് ഇവിടെ വന്നതെന്ന് തെളിയിക്കണം. ബർത്ത് ടൂറിസത്തിനുള്ള താൽക്കാലിക ബി-1, ബി-2 വിസകളും ഇനി നൽകില്ല. ബർത്ത് ടൂറിസം വ്യവസായം ആശുപത്രികൾക്ക് അധിക ബാധ്യത വരുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 2019 ൽ ഇത്തരത്തിൽ അമേരിക്കയിൽ ഏകദേശം 12,000 കുട്ടികൾ ജനിച്ചു. 2007 ൽ 7800 ആയിരുന്നത് 2017 ൽ 10,000 ആയിരുന്നു. പല രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, 31 രാജ്യങ്ങൾ ഇപ്പോഴും അവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നു. ബർത്ത് ടൂറിസത്തിലൂടെ ജനിക്കുന്ന കുട്ടികളെ ‘ആങ്കർ ബേബീസ്’ എന്നാണ് വിളിക്കുന്നത്.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Jan 7, 2024, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]