സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘കിരീടം’ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ സേതുമാധവൻ എന്ന കഥാപാത്രം ഇന്നും സിനിമാസ്വാദകർക്കിടയിൽ സജീവ ചർച്ചയാണ്.
1989-ൽ പുറത്തിറങ്ങിയ കിരീടത്തിന് നാല് വർഷങ്ങൾക്ക് ശേഷം ‘ചെങ്കോൽ’ എന്ന പേരിൽ ഒരു രണ്ടാം ഭാഗം പുറത്തുവന്നു. കിരീടം നേടിയ വൻ വാണിജ്യ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, ചെങ്കോലും മലയാളികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന ചിത്രമായി നിലകൊള്ളുന്നു.
നായകനായ സേതുമാധവന്റെ നിസ്സഹായതയും ജീവിതത്തിന്റെ സമ്പൂർണ്ണ തകർച്ചയുമാണ് ചെങ്കോൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം, തിലകൻ അനശ്വരമാക്കിയ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ എന്ന കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോൾ, ചെങ്കോൽ എന്ന സിനിമയെക്കുറിച്ചും അതിലെ തന്റെ അച്ഛന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ തുറന്നുപറയുകയാണ് നടൻ ഷമ്മി തിലകൻ. ‘ചെങ്കോൽ’ എന്ന സിനിമയുടെ ആവശ്യകതയേ ഇല്ലായിരുന്നു എന്നാണ് ഷമ്മി തിലകൻ അഭിപ്രായപ്പെടുന്നത്.
തന്റെ അച്ഛൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പതനമാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും, അത് തനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “ചെങ്കോല് ഒരു അപ്രസക്തമായ സിനിമയാണ്.
അതിന്റെ ആവശ്യമേയില്ല. എന്റെ അച്ഛൻ ചെയ്ത കഥാപാത്രത്തിന്റെ തകർച്ചയാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്.
അത് എനിക്ക് ഉൾക്കൊള്ളാനാവില്ല. അതുകൊണ്ടാണ് ആ സിനിമയുടെ ആവശ്യമില്ലായിരുന്നു എന്ന് ഞാൻ പറയുന്നത്.
ആ കഥാപാത്രത്തെക്കൊണ്ട് നേരത്തെ തന്നെ ആത്മഹത്യ ചെയ്യിപ്പിക്കുന്നതായിരുന്നു കൂടുതൽ ഉചിതം,” ഷമ്മി തിലകൻ പറഞ്ഞു. “അച്യുതൻ നായർ അത്തരമൊരു പ്രവൃത്തി ചെയ്യുന്ന വ്യക്തിയല്ല.
സ്വന്തം മകൾക്ക് കാവൽ നിൽക്കേണ്ടി വരുന്ന ഗതികേട് പ്രേക്ഷകർക്ക് അംഗീകരിക്കാനായില്ല. ഒരുപക്ഷേ അതുകൊണ്ടാവാം ആ സിനിമ പരാജയപ്പെട്ടത്.
കിരീടത്തിന്റെ ക്ലൈമാക്സിൽ, ‘സോറി സാർ, അവൻ ഫിറ്റല്ല’ എന്ന് സല്യൂട്ട് ചെയ്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത് അച്യുതൻ നായരാണ്. അതായിരുന്നു അതിന്റെ ഏറ്റവും മികച്ച അവസാനം.
അല്ലെങ്കിൽ അത്തരമൊരു സംഭാഷണം അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കാൻ പാടില്ലായിരുന്നു,” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. യെസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

