സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ചിറയിൻകീഴിലെ കോൺഗ്രസ് ഗ്രൂപ്പ് തർക്കവും കയ്യാങ്കളിയും ഒടുവിൽ പരിഹരിക്കപ്പെട്ടു. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ സംഘർഷമാണ് ഒത്തുതീർപ്പിലെത്തിയത്.
ഇതിന്റെ ഭാഗമായി നടപടി നേരിട്ടിരുന്ന നേതാക്കളായ പാളയം പ്രദീപ്, എസ് സജാദ് എന്നിവരുടെ സസ്പെൻഷൻ പാർട്ടി പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന് രമ്യ ഹരിദാസ് കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിട്ടുണ്ട്.
എന്നാൽ ചിറയിൻകീഴ് മണ്ഡലത്തിൽ പാളയം പ്രദീപിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുമെന്നാണ് വിവരം. വ്യാപകമായ പരാതികൾ ഉയർന്നിട്ടും എംഎൽഎയ്ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാതെ പ്രശ്നം ഒതുക്കിത്തീർക്കാനാണ് കെപിസിസി നേതൃത്വം ശ്രമിച്ചത്.
ചിറയിൻകീഴിലെ ഒരു കോൺഗ്രസ് നേതാവിന്റെ വസതിയിൽ വെച്ചായിരുന്നു രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ പരസ്യമായ കയ്യാങ്കളി അരങ്ങേറിയത്. ഈ സംഭവത്തിന് പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രണ്ട് വാർഡുകളിൽ കോൺഗ്രസിന് പരാജയം നേരിടേണ്ടി വന്നിരുന്നു.
പാർട്ടിയ്ക്ക് വലിയ രീതിയിൽ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ ഈ വിഷയത്തിൽ എംഎൽഎയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി എതിർപക്ഷത്തിന്റെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ നിർദ്ദേശങ്ങളും ചർച്ചകളിൽ ഉയർന്നു വന്നിരുന്നു.
പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഒടുവിൽ വിവാദങ്ങൾക്ക് താൽക്കാലിക വിരാമമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

