കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ തനിക്ക് പരിചയമില്ലെന്ന് നേരത്തെ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി കെപിസിസി മുൻ അധ്യക്ഷനും എംപിയുമായ കെ. സുധാകരൻ രംഗത്തെത്തി.
താൻ നടത്തിയ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും ഇക്കാര്യത്തിൽ തിരുത്ത് വരുത്തുകയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. താൻ കെപിസിസി പ്രസിഡന്റായിരുന്ന കാലയളവിലാണ് സി.പി.ഐയിൽ നിന്ന് ശക്തയായ നേതാവായ ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത്.
പിന്നീട് നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അദ്ദേഹം മുൻകൈയെടുത്ത് മത്സരിപ്പിക്കുകയും അവർ വിജയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, അവരെ തനിക്ക് അറിയില്ല എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ഉണ്ടായ ആശയക്കുഴപ്പമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കെ.
സുധാകരൻ വ്യക്തമാക്കിയത് ഇങ്ങനെ: “മാധ്യമപ്രവർത്തകർ കുഞ്ഞമ്മയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കെ.പി.സി.സി നേതൃത്വവുമായുള്ള ഗൗരവമായ ചർച്ചകളിലായിരുന്നു. പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ചോദ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും അതിനെയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്നും സുധാകരൻ വിശദീകരിച്ചു.” പാർട്ടിയുടെ അടിത്തറയായ പ്രവർത്തകരുടെ വിയർപ്പും ത്യാഗവുമാണ് തന്നെ വളർത്തിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, താൻ ഓരോ പ്രവർത്തകനെയും ചേർത്തുപിടിക്കുന്ന രാഷ്ട്രീയക്കാരനാണെന്നും വ്യക്തമാക്കി.
പ്രവർത്തകർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുക എന്നത് തന്റെ കടമയാണെന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ കാര്യത്തിലും അതേ നിലപാടാണ് തനിക്കുള്ളതെന്നും കെ. സുധാകരൻ പറഞ്ഞു.
ഈ വിഷയത്തിൽ ഉയർന്നു വന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

