പാട്ന: ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്.
ഉച്ചയ്ക്ക് ഒരു മണി വരെ 43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് വലിയ മാറ്റം ദൃശ്യമാണെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോൾ, ജനങ്ങൾ ജംഗിൾ രാജിനെതിരെയാണ് വിധിയെഴുതുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു.
വാശിയേറിയ പ്രചാരണത്തിന്റെ ആവേശം വോട്ടെടുപ്പിലും പ്രകടമാണ്. 2020-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.
ബെഗുസരായ് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് നിരക്ക്. ഇതിനിടെ, ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ലക്കിസറായിൽ വെച്ച് കല്ലേറുണ്ടായി.
വോട്ടെടുപ്പ് ദിനത്തിൽ അരാരിയയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാലു പ്രസാദ് യാദവിൻ്റെ ‘ജംഗിൾ രാജ്’ ഭരണത്തെ രൂക്ഷമായി വിമർശിച്ചു. ആർജെഡിയുടെ കാട്ടുഭരണം ബിഹാറിനെ തകർത്തെന്നും അതിൽ നിന്ന് സംസ്ഥാനത്തെ രക്ഷിച്ചത് എൻഡിഎ ആണെന്നും ജനങ്ങൾ അതിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തങ്ങൾ വിജയിക്കുമെന്നും അത് ബിഹാറിലെ ജനങ്ങളുടെ വിജയമായിരിക്കുമെന്നും ‘നമ്പർ വൺ ബിഹാർ’ കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. കഴിഞ്ഞ 20 വർഷമായി ഇരട്ട
എഞ്ചിൻ സർക്കാർ സംസ്ഥാനത്തെ യുവാക്കൾക്കെതിരെയാണ് പ്രവർത്തിച്ചതെന്ന് മിസ ഭാരതി എംപിയും ആരോപിച്ചു. ഇതിനിടെ, ജൻസുരാജ് പാർട്ടിയുടെ മുംഗേറിലെ സ്ഥാനാർത്ഥി സഞ്ജയ് സിംഗിനെ ബിജെപിയിൽ ചേർത്തതിനെതിരെ പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറും രംഗത്തെത്തി.
വോട്ടടെടുപ്പ് ഉത്സവമാക്കി ബീഹാര് കഴിഞ്ഞ തവണത്തെക്കാൾ ആവേശത്തോടെയാണ് ബിഹാറിലെ വോട്ടർമാർ പോളിംഗ് ബൂത്തുകളിലെത്തിയത്. സംസ്ഥാനത്ത് പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ചില മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതും മുന്നറിയിപ്പില്ലാതെ പോളിംഗ് ബൂത്തുകൾ മാറിയതും ചെറിയ തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായി. 1374 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
രാഘോപൂരിലെ സ്ഥാനാർത്ഥി കൂടിയായ തേജസ്വി യാദവ്, പിതാവ് ലാലു പ്രസാദ് യാദവ്, മാതാവ് റാബ്രി ദേവി, സഹോദരിയും എംപിയുമായ മിസ ഭാരതി, ഭാര്യ രാജശ്രീ യാദവ് എന്നിവർക്കൊപ്പം പട്നയിലെ വെറ്ററിനറി കോളേജിലെത്തി വോട്ട് രേഖപ്പെടുത്തി. ലാലുവിൻ്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് തനിച്ചെത്തിയാണ് വോട്ട് ചെയ്തത്. തേജസ്വിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ജൻശക്തി ജനതാദൾ എന്ന പാർട്ടി രൂപീകരിച്ച തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.
തൻ്റെ രണ്ട് മക്കൾക്കും വിജയാശംസകൾ നേരുന്നുവെന്ന് വോട്ട് ചെയ്ത ശേഷം റാബ്രി ദേവി പ്രതികരിച്ചു. സംസ്ഥാനത്തെ 56 ബൂത്തുകളെ പ്രശ്നസാധ്യതാ ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻപ് മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന പലയിടങ്ങളിലും ഇത്തവണ വോട്ടെടുപ്പ് നടത്താനായത് എൻഡിഎ പ്രചാരണത്തിൽ നേട്ടമായി ഉയർത്തിക്കാട്ടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിഹാറിലെ വോട്ടെടുപ്പ് തത്സമയം നിരീക്ഷിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

