
പത്തനംതിട്ട: കളളൻമാരുടെ ശല്യം കൂടിയാൽ പൊലീസിൽ പരാതിപ്പെടുകയാണ് പതിവ്. ചിലപ്പോൾ അവിടുത്തെ നാട്ടുകാർ ചേർന്ന് കള്ളനെ പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക. എന്നാൽ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സിവി ഫിലിപ്പോസ് ചെയ്തത് ഇത് രണ്ടുമല്ല. മറിച്ച് കള്ളനെ സഹോദരാ എന്ന് അഭിസംബോധന ചെയ്ത് ഒരു നോട്ടീസ് എഴുതിയങ്ങ് ഒട്ടിച്ചു. മോഷ്ടിക്കാൻ എത്തുന്ന കളളൻ ഇത് കാണുമോ വായിക്കുമോ എന്നൊക്കെയുള്ളത് രണ്ടാമത്തെ കാര്യം. നോട്ടീസിങ്ങനെ
‘കള്ളസഹോദരൻമാരുടെ ശ്രദ്ധക്ക്, താഴുപൊട്ടിക്കരുത്. ഞാൻ വീട് തുറന്ന് തരാം. എല്ലാ മാസവും മകനെ ഡോക്ടറെ കാണിക്കാൻ 4500 രൂപ സ്വരൂപിക്കാറുണ്ട്. അതെടുക്കരുത്. ബാക്കി എന്തുവേണമെങ്കിലും എടുക്കാം. വിരോധമില്ല. പൊലീസിൽ പരാതിപ്പെടുകില്ല. മാനസാന്തരപ്പെട്ടാൽ ദൈവം നിനക്ക് ഇതിലും മാന്യമായ ജോലി തരും.’
മുമ്പൊരിക്കൽ ഈ വഴി ആരും വയറുവിശന്ന് കടന്നു പോകരുത് എന്നൊരു ബോർഡ് വെച്ചിരുന്നു ഫിലിപ്പോസ്. അന്നത് കണ്ട് ഒരുപാട് പേർ വന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോയതിനെക്കുറിച്ചും ഇദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് വീട്ടിലൊരു മോഷണ ശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഈ നോട്ടീസ് ഇവിടെ പതിപ്പിച്ചത്.
പൊലീസിൽ പരാതിപ്പെടുകില്ലെന്നും ഈ നോട്ടീസിൽ എഴുതിവെക്കാൻ കാരണമുണ്ട്. പൊലീസ് സ്റ്റേഷനിൽ പോകില്ലെന്നൊരു തീരുമാനമെടുത്തിട്ടുണ്ട് ഫിലിപ്പോസ്. അല്ലെങ്കിലും ചെറിയ കാര്യങ്ങൾക്കൊക്കെ പൊലീസും കേസും വഴക്കും അടിയുമൊക്കെ നടത്തുന്നതിനോട് ഇദ്ദേഹത്തിന് യോജിക്കാൻ കഴിയില്ല. ഇവിടെ വരുന്ന കള്ളൻ ഇത് കണ്ടില്ലെങ്കിലോ എന്ന ചോദ്യത്തിനും ഫിലിപ്പോസിന്റെ മറുപടിയിങ്ങനെ. ഇവിടെ വരുന്ന കള്ളനാകണമെന്നില്ല. ഈ നോട്ടീസ് കാണുന്ന ഏതെങ്കിലും ഒരു കള്ളന് മാനസാന്തരം വന്നാലോ? ഒരു ചെറിയ വാക്കിന് ഒരു മനുഷ്യനെ വലിയവനാക്കാൻ സാധിക്കും എന്ന് വിശ്വാസത്തിലാണ് ഫിലിപ്പോസ്.
Last Updated Nov 6, 2023, 1:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]