ചെന്നൈ നഗരത്തിന് സമീപം അഡയാർ പ്രദേശത്ത് തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് പൊലീസിന്റെ ‘ബി’ കാറ്റഗറി ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന കണ്ണൻ ആണ് കൊല്ലപ്പെട്ടത്.
സമീപകാലത്താണ് ഇയാൾ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ച് ടിവികെയിൽ ചേർന്നതും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായതും. 2009-ൽ നടന്ന ശിവയുടെ കൊലപാതക കേസിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായാണ് ഈ ആക്രമണം നടന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്നത്തെ സംഭവത്തിൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രിയോടെ കണ്ണനെ ആക്രമിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായ കണ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇതിനിടെ, കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നാളെ നിയമസഭയിൽ പ്രസ്താവന നടത്താനിരിക്കെയാണ് ഈ കൊലപാതകം അരങ്ങേറിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉജയനിധി സ്റ്റാലിൻ രംഗത്തെത്തി.
സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായി തകർന്നെന്നും സ്വന്തം ജീവൻ രക്ഷിക്കാൻ ടിവികെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെയെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

