കൊച്ചി ∙ വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായതിനു പിന്നിൽ സൈപ്രസ് കേന്ദ്രമായ
സംശയം. സൈപ്രസ് കേന്ദ്രമായ കോൾ സെന്ററാണ് തട്ടിപ്പിനു ചുക്കാൻ പിടിച്ചത് എന്നതു സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് കൊച്ചി പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കൊച്ചി സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഡിസിപി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സൈപ്രസ് അധികൃതരും മറ്റു രാജ്യാന്തര അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട് നടപടികൾ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തിൽ ഈ മാഫിയയുടെ ഭാഗമായി മലയാളികളുടെ പങ്കും സംശയിക്കുന്നുണ്ട്. , ക്രിപ്റ്റോകറൻസി, വ്യാജ നിക്ഷേപ പദ്ധതികൾ, വ്യാജ ഓൺലൈൻ ട്രേഡിങ് തുടങ്ങിയ ഒട്ടേറെ കേസുകൾ സൈപ്രസിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ ഒട്ടേറെ പേർക്ക് കോടിക്കണക്കിന് രൂപ ഇത്തരത്തിൽ നഷ്ടമാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മേയിൽ ജർമൻ ദമ്പതികൾക്ക് വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നഷ്ടമായ അന്വേഷണം എത്തി നിന്നത് സൈപ്രസിലാണ്.
3 ദശലക്ഷം യൂറോ (31 കോടി രൂപ)യുടെ തട്ടിപ്പാണ് അന്ന് സൈപ്രസ് അധികൃതരും യൂറോപോൾ അടക്കമുള്ള രാജ്യാന്തര ഏജൻസികളും ചേർന്ന് കണ്ടെത്തിയത്. സൈപ്രസ്, ബൾഗേറിയ, അൽബേനിയ, ഇസ്രയേൽ, യുകെ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാകെ വ്യാപിച്ചു കിടക്കുന്ന സംഘമാണിത് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരത്തിൽ സൈപ്രസ് കേന്ദ്രമായ ഒരു കോൾ സെന്ററിൽ നിന്നാണ് കൊച്ചി വ്യവസായിയെ ബന്ധപ്പെട്ടിരുന്നതും പണം തട്ടിയതും എന്നാണ് സൂചനകൾ.
കൊച്ചി എളംകുളം കുമാരനാശാൻ നഗറില് താമസിക്കുന്ന 49കാരനായ വ്യവസായിയെ ഡാനിയേൽ എന്നു പരിചയപ്പെടുത്തി മലയാളത്തിൽ സംസാരിക്കുന്ന ഒരാളാണ് പ്രത്യേക ട്രേഡിങ്ങിൽ നിക്ഷേപിക്കാനും ലാഭം കൊയ്യാനും പ്രേരിപ്പിക്കുന്നത്. കലിഫോർണിയയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയുടെ പേരിലായിരുന്നു ട്രേഡിങ്.
തുടർന്ന് ഇതേ പേരിൽ തന്നെയുള്ള ഒരു ആപ്പും വ്യവസായിയെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടക്കത്തിൽ ഒന്നര കോടി രൂപ വരെ വ്യവസായിക്ക് ലാഭം കിട്ടി എന്നാണ് സൂചനകൾ.
തുടർന്ന് കൂടുതൽ പണം നിക്ഷേപിക്കാനും വിവിധ കമ്പനികളുടെ ഓഹരികൾ വാങ്ങാനുമുള്ള പ്രേരണയായി. ഇത്തരത്തിൽ 2023 മേയ് മുതൽ 2025 ഓഗസ്റ്റ് 29 വരെയുള്ള സമയത്ത് 96 ഇടപാടുകളിലൂടെ 24.76 കോടി രൂപ വ്യവസായി നിക്ഷേപിച്ചു.
ഇതെല്ലാം ആപ്പിൽ കൃത്യമായി കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആപ്പും ഇതിലെ വിവരങ്ങളുമെല്ലാം തട്ടിപ്പായിരുന്നു എന്ന് പിന്നീടാണ് വ്യക്തമായത്.
ട്രേഡിങ് നടത്തി പരിചയമുള്ളയാളായിരുന്നു കൊച്ചിയിൽ പണം നഷ്ടപ്പെട്ട
ആൾ. ഇത്തരത്തിൽ കേരളത്തിൽ മാത്രം 50ലേറെ പേർക്കും രാജ്യത്താകെ ആയിരത്തിലധികം ആളുകൾക്കും പണം നഷ്ടമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്.
ഒരു ഇന്ത്യൻ ബാങ്കിന്റെ 23 അക്കൗണ്ടുകളിലേക്കാണ് കൊച്ചി വ്യവസായിയുടെ പണം എത്തിയത്. ഇതു പിന്തുടർന്നുള്ള അന്വേഷണമാണ് സൈപ്രസ് സൂചന അന്വേഷണ സംഘത്തിന് നൽകിയത്.
ഇന്ത്യ പോലെ വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യത്ത് തട്ടിപ്പ് നടത്താൻ മലയാളം സംസാരിക്കുന്നവരെ അടക്കം മാഫിയ കൂടെക്കൂട്ടിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ട്രേഡിങ് കമ്പനികളുമായി ചേർന്ന് വ്യാജ പരസ്യങ്ങൾ നൽകിയും ഈ മാഫിയ തട്ടിപ്പു നടത്തുന്നുണ്ട്.
ഇത്തരത്തിൽ ട്രേഡിങ് കമ്പനികളെ ആശ്രയിക്കുന്നവർ ഇതിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ വൻ തുകയ്ക്ക് മാഫിയയ്ക്ക് മറിച്ചു വിൽക്കുന്നതാണ് ഈ ഇടപാട്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിക്ഷേപകരെ തേടി കോൾ സെന്ററിൽ നിന്ന് വിളികളെത്തുന്നതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]